തൊണ്ണൂറ്റി രണ്ട് വർഷത്തെ റംസാൻ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ചു; പയ്യോളി പള്ളിക്കിത് അവസാന പെരുന്നാൾ


പയ്യോളി: പയ്യോളി പള്ളിക്കിത് വൈകാരിക വെള്ളിയാണ്. തൊണ്ണൂറ്റിരണ്ട്‍ വർഷങ്ങളായി വിവിധ തലമുറകളോടൊപ്പം നോമ്പ് ആചരിച്ച പയ്യോളി ടൗൺ ജുമാമസ്ജിദ്  പ്രാർഥന നടത്താൻ അടുത്തവർഷം ഉണ്ടാവില്ല.

ദേശീയപാത വികസനമെത്തിയതോടെയാണ് പള്ളിയുടെ നിലനിൽപ്പിനെ ബാധിച്ചത്. പള്ളി പൊളിച്ചു മാറ്റേണ്ടതായി വരുകയായിരുന്നു. പള്ളിയുടെ സമീപത്തുള്ള കെട്ടിടങ്ങൾ എല്ലാം ഇതിനകം പൊളിച്ചു മാറ്റി. വിശ്വാസികളുടെ പ്രത്യേക അഭ്യർത്ഥന മൂലം നോമ്പ് കാലം കഴിയുന്നത് വരെ പ്രാർത്ഥനയ്ക്കായി പള്ളി പൊളിക്കാതെ തുടരുകയായിരുന്നു.

പള്ളി പൊളിക്കേണ്ടി വന്നതിനെ തുടർന്ന് ഇതിനു സമീപത്തായിത്തന്നെ പുതിയ പള്ളി നിർമിക്കാൻ ചെട്ട്യംവീട്ടിൽ പരേതനായ അസ്സയിനാർ ഹാജി അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

1930-ൽ ആണ് ഈ ജുമാമസ്ജിദ് സ്ഥാപിച്ചത്. തൊണ്ണൂറ്റി രണ്ടു വർഷത്തെ നോമ്പുകാല കഥ പറയാനുള്ള ഈ പള്ളി നാട്ടിൽ വിശ്വാസ ചിഹ്നമായി നിലകൊള്ളുകയായിരുന്നു. വിശ്വാസികളുടെ പ്രാർത്ഥനാലയം മാത്രമായിരുന്നില്ല ഇത്. ദേശീയപാതയ്ക്ക് സമീപമായതിനാൽ ഇതിലെ കടന്നു പോകുന്ന കച്ചവടക്കാർക്കും നാട്ടുകാരെ കൂടാതെ യാത്രക്കാർക്കും ടൗൺപള്ളി പ്രാർഥനയ്ക്കും മറ്റും സഹായകമായി.

അയനിക്കാട് ഇബ്രാഹിം മുസ്ല്യാരുടെയും കുൻസിലി കോയ തങ്ങളുടെയും നേതൃത്വത്തിൽ ഒന്നരസെന്റ് സ്ഥലത്ത് സ്രാമ്പിയായി ആണ് പ്രാർഥാനാലയം ആദ്യം തുടങ്ങിയത്. പിന്നീട് ചെട്ട്യം വീട്ടിൽ കുടുംബം നാലു സെന്റ് സ്ഥലംകൂടി സൗജന്യമായി നൽകി. ഇതോടെ പള്ളി രണ്ടുതട്ടുകളിലായി ഉയരുകയായിരുന്നു.

കാട്ടിൽ മൊയ്തീൻഹാജി ആണ് പള്ളിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്, കെ.പി.സി. ഷുക്കൂർ സെക്രട്ടറിയായും, വടക്കയിൽ മൊയ്തീൻ ഖജാൻജിയായും സേവനം അനുഷ്ഠിക്കുന്നു. റംസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പയ്യോളി ടൗൺ ജുമാമസ്ജിദിലെ ഒടുവിലത്തെ പ്രാർത്ഥനയ്ക്കായി വിശ്വാസി സമൂഹമെല്ലാം ഒത്തുചേർന്നു.

[bot1]