നാടന്‍ പാട്ട് പാടി റീജു ആവള, സ്‌നേഹവിരുന്നൊരുക്കി വിദ്യാര്‍ഥികളും രക്ഷിതാക്കളും; നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍


കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. 51 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ നിന്നും വിടവാങ്ങാനൊരുങ്ങുന്നത്.

മക്കള്‍ക്ക് അവരുടെ മനസ്സില്‍ എന്നും ഓര്‍മിക്കാവുന്ന രീതിയിലുള്ള ഒരു യാത്രയയപ്പ് ആയിരുന്നു സ്‌കൂള്‍ ഒരുക്കിയത്. മുഖ്യ അതിഥിയായി എത്തിയത് പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ റീജു ആവളയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാടന്‍ പാട്ടിന്റെ താളത്തിനൊത്ത് ചുവട് വച്ചു.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും രക്ഷിതാക്കള്‍ ഒരുക്കിയ സ്‌നേഹവിരുന്നു കൂടിയായപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ചടങ്ങായി മാറി നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ്.

രക്ഷിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ പെരുവട്ടൂര്‍ എല്‍ പി സ്‌കൂളിനെ അവര്‍ എത്രത്തോളം നെഞ്ചോട് ചേര്‍ത്തിരുന്നു എന്ന് വ്യക്തമാവുന്നു. ഹെസ് മിസ്ട്രസ്സ്, സൗമിനി ടീച്ചര്‍ ഇന്ദിര ടീച്ചര്‍, ഉഷശ്രീ ടീച്ചര്‍, സിറാജ് ഇയ്യഞ്ചേരി, ബാസില്‍ മാസ്റ്റര്‍, നിഷിധ ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.