തുളുനാട് സാഹിത്യ പുരസ്‌കാരം പേരാമ്പ്ര സ്വദേശി പി.എം.സജിത്ത് കുമാറിന്


പേരാമ്പ്ര: തുളുനാട് സാഹിത്യ പുരസ്‌കാരം പേരാമ്പ്ര സ്വദേശി പി.എം.സജിത്ത് കുമാറിന് ലഭിച്ചു. സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും എഴുത്തുകാരനുമായ സജിത്ത് കുമാര്‍ കണ്ണൂര്‍ കൂത്തുപറമ്പ് ആയിത്തറ മമ്പറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലയാളം അധ്യാപകനാണ്.

കവിത, നാടകം, ലേഖനം ഉള്‍പ്പെടെയുള്ള രചനകള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരക്കഥ, ഗാനരചന രംഗത്തും സജീവമാണ് അദ്ദേഹം. കെ.എസ്.ടി.എ സംസ്ഥാന ലേഖന പുരസ്‌കാരം, സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന ലേഖന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അധ്യാപക സാഹിത്യ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്.

അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള തുളുനാട് സാഹിത്യ അവാര്‍ഡുകളില്‍ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് രഘുനാഥന്‍ കൊളത്തൂര്‍ കോഴിക്കോട്, കെ. ഉമാവതി കണ്ണൂര്‍ എന്നിവര്‍ക്കും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് കഥാ അവാര്‍ഡ് അനുപമ ബാലകൃഷ്ണന്‍ കണ്ണപുരം, റെജിമോന്‍ നീലേശ്വരം എന്നിവര്‍ക്കും, ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവല്‍ അവാര്‍ഡ് രാജന്‍ കരുവാരക്കുണ്ട് മലപ്പുറത്തിനും, എ.എന്‍.ഇ സുവര്‍ണ്ണവല്ലി സ്മാരക തുളുനാട് അവാര്‍ഡ് അദ്വൈത് എം. പ്രശാന്ത് തിരുവനന്തപുരം എന്നിവര്‍ക്കും ലഭിച്ചു.

നോവല്‍ രണ്ടാം സ്ഥാനം പി. രവീന്ദ്രനാഥ് തിരുവല്ല, എന്നിവര്‍ക്കുമാണ്. തുളുനാട് അനുബന്ധ അവാര്‍ഡുകളായ എ.സി. കണ്ണന്‍നായര്‍ സ്മാരക അവാര്‍ഡ് കൈനി രാജന്‍ ചെറുവത്തൂര്‍, പി,പി. അടിയോടി പിലിക്കോട് എന്നിവര്‍ക്കും കൂര്‍മ്മിള്‍ എഴുത്തച്ഛന്‍ സ്മാരക അവാര്‍ഡ് ഉണ്ണികൃഷ്ണന്‍ അണിഞ്ഞ കാസര്‍ഗോഡ്, പത്മജ ദേവി(അമ്പിളി) ആലപ്പുഴ, അനില്‍ മണിയറ ചെറുവത്തൂര്‍, സ്മിത സ്റ്റാന്‍ലി ആലുവ എന്നിവര്‍ക്കും ലഭിച്ചു.

ഡോ. സി. ബാലന്‍, കൃഷ്ണന്‍ നടുവലത്ത്. ഇ.വി. അശോകന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ.നായര്‍, എന്‍.ഗംഗാധരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.