യു.എസിലെ നികുതി രംഗത്ത് ഉയര്‍ന്ന ജോലിയും ശമ്പളവും ഉറപ്പ്! ബിരുദധാരികള്‍ക്കായി തൊഴില്‍ അവസര കോഴ്‌സുകള്‍ക്ക് തുടക്കമിട്ട് പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍- നിങ്ങള്‍ ചെയ്യേണ്ടത്


പേരാമ്പ്ര: കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ‘ഹയര്‍ ആന്‍ഡ് ട്രെയിന്‍’ മാതൃകയില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോഴ്‌സുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി ജില്ലയില്‍ ആദ്യമായാണ് ‘ഹയര്‍ ആന്‍ഡ് ട്രെയിന്‍’ മാതൃകയില്‍ തൊഴില്‍ പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ ബിരുദധാരികള്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ‘എന്റോള്‍ഡ് ഏജന്റ് ‘കോഴ്‌സിന്റെ പരിശീലനമാണ് ആരംഭിക്കുക.

നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് നടത്തുന്ന സ്പെഷ്യല്‍ എന്റോള്‍മെന്റ് പരീക്ഷക്ക് പ്രാപ്തരാക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധികാരമുള്ളവരായി മാറും. ‘എന്റോള്‍ഡ് ഏജന്റ് ‘ യു.എസ് ടാക്‌സേഷന്‍ രംഗത്ത് ഉയര്‍ന്ന ജോലിയും പ്രതിഫലവും ഉറപ്പ് നല്‍കുന്ന കോഴ്‌സാണ്.

തൊഴിലിലേക്ക് തെരഞ്ഞെടുത്ത ശേഷം, പരിശീലനവും ജോലിയും നല്‍കുന്ന ‘ഹയര്‍ ആന്‍ഡ് ട്രെയിന്‍’ എന്ന മാതൃകയിലാണ് കോഴ്സുകള്‍ വിഭാവന ചെയ്തിരിക്കുന്നത്. ബി.കോം, എം.കോം ബിരുദധാരികള്‍ക്കൊപ്പം ബി.ബി.എ, എം.ബി.എ ബിരുദമുള്ളവര്‍ക്കും, ഈ കോഴ്സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. കോഴ്‌സിന് ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 28 വയസാണ്.

പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉടനടി ജോലി ലഭ്യമാക്കും. കോഴ്സിന്റെ ആദ്യ ബാച്ചുകളുടെ പരിശീലനമാണ് പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ആരംഭിക്കുക. പ്രാഥമിക പരീക്ഷയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ ജോലിക്കായുള്ള കണ്ടീഷണല്‍ ഓഫര്‍ ലെറ്ററും നല്‍കും.

പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനായി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഒക്ടോബര്‍ 15- ന് ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്‌കില്‍ ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിക്കും.

താല്പര്യമുള്ളവര്‍ സി.ഡി.സിയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2615500 എന്ന നമ്പറിലോ, [email protected] മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.