എരിയുന്ന വയറുകൾക്ക് ആശ്വാസമായി ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി കാപ്പാട് മേഖലാ കമ്മിറ്റി (വീഡിയോ കാണാം)


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട കാപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്.

പൊതിച്ചോറുമായി കാപ്പാട് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പി.കെ.പ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി ഷിബിൽ രാജ് താവണ്ടി, പ്രസിഡന്‍റ് രജീഷ് കുമാർ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. ശിവപ്രസാദ്, ഷൈരാജ്, ജിഷ്ണു, ഫായിസ്, അഷിക തുടങ്ങി ഡി.വൈ.എഫ്.ഐയുടെ വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

മേഖലയിലെ പതിനൊന്ന് യൂണിറ്റുകളിലെ വീടുകളിൽ നിന്ന് ശേഖരിച്ച നാലായിരത്തോളം പൊതിച്ചോറുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൈമാറിയത്. പൊതിച്ചോറ് വിതരണവുമായി സഹകരിച്ച മുഴുവൻ ജനങ്ങൾക്കും ഡി.വൈ.എഫ്.ഐ കാപ്പാട് മേഖലാ കമ്മിറ്റി നന്ദി അറിയിച്ചു.

വീഡിയോ കാണാം: