എന്ന് അവസാനിക്കും ഈ ദുരിതം; പെരുമാള്‍പുരത്ത് വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍, നടപടിയെടുക്കാനാകാതെ അധികൃതരും


പയ്യോളി: തിക്കോടി പെരുമാള്‍പുരത്തെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനങ്ങള്‍. വേനല്‍മഴ തുടങ്ങിയതു മുതല്‍ ചെറിയ മഴ പെയ്താല്‍പോലും പെരുമാള്‍പുരം റോഡ് മുഴുവനായും വെള്ളത്തിനടിയിലാവുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇന്നലെ വലിയ ഗതാഗത തടസ്സമാണ് പയ്യോളിയിലും പെരുമാള്‍പുരത്തും നേരിട്ടത്.

ചെറുവാഹനങ്ങളും ബസ്സുകളും ലോറികളുമടക്കം നൂറോളം വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് നാഷണല്‍ ഹൈവേയില്‍ ബ്ലോക്കായത്. തിക്കോടി പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലാണ് പെരുമാള്‍പുരം. ദേശീയപാത പണി നടക്കുന്നതിന്റെ ഭാഗമായി കൃത്യമായി ഡ്രൈനേജ് സംവിധാനങ്ങള്‍ ഒരുക്കാതെയാണ് റോഡ് പണി പുരോഗമിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനാലാണ് ചെറിയ മഴ പെയ്താല്‍പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നും നാട്ടുാകാര്‍ ആരോപിക്കുന്നു. ഇന്നലെ ഇവിടെയുള്ള വെള്ളക്കെട്ടില്‍ ഒരുഗുഡ്‌സ് ഓട്ടോ ചെളിയില്‍ലാഴ്ന്നിരുന്നു. റോഡ് പണി പൂര്‍ത്തിയായാല്‍ക്കൂടി വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരുവര്‍ഷത്തോളമായി ഈ റോഡിന്റെ ഗതി ഇങ്ങനെ തന്നെയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബിനു കാരോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മഴയിലും വലിയതോതിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായിരുന്നത്. എന്നാല്‍ അന്ന് പണി ആരംഭിച്ച സമയമായതിനാല്‍ വെള്ളം ഒുകിപ്പോകുവാന്‍ സ്ഥലമുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ദേശീയപാത പണി കൂടുതല്‍ പുരോഗമിച്ചതിനാല്‍ ഡ്രൈനേജ് സൗകര്യവും ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

ദേശീയപാത നിര്‍മ്മാണ മേധാവികളുമായി നിരന്തരം ഇക്കാര്യം സംസാരിച്ചിട്ടും യാതൊരു നടപടിക്ക് ഇതുവരെയും മുതിര്‍ന്നില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നും ബിനു കാരോളി പറഞ്ഞു. മഴ കനക്കുന്നതോടെ വാഹനഗതാഗതം കൂടുതല്‍ ബുദ്ധിമുട്ടിലാകാനും രണ്ടാംവാര്‍ഡില്‍ ഹൈവേയില്‍ നിന്നും കിഴക്ക് ഭാഗത്തേയ്ക്ക് പോകുന്ന 3 പോക്കറ്റ് റോഡുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ ഭാഗത്തുള്ളവര്‍ക്ക് കാല്‍നട യാത്രയല്ലാതെ ടൗണിലേയ്ക്ക് എത്തുവാന്‍ മറ്റുമാര്‍ഗങ്ങളും ഇല്ല. വഗാര്‍ഡ് അധികൃതര്‍ പ്രതിസന്ധി പരിഹാരിക്കാന്‍ യാതൊരുവിവധ ശാസ്ത്രീയനടപടികളും സ്വീകരിക്കുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു.

ഇന്നലെ ഉണ്ടായ വലിയ ബ്ലോക്ക് മാറ്റുവാനായി സര്‍വ്വീസില്‍ റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയാണ് ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടത്. രണ്ട് മണിക്കൂറിലധികമാണ് ഇവിടെ വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങിയത്. ഇവ തിരിച്ച് വന്ന വഴികളിലൂടെ തന്നെ മറ്റു പോക്കറ്റ് വഴികളിലൂടെയാണ് തിരിച്ചുപോയത്. അധികവാഹനങ്ങളും കീഴരിയൂര്‍ റോഡ് വഴിയാണ് കടത്തിവിട്ടത്. മഴ നിന്നിട്ടും ഇന്നലെ ഉച്ചയോടെ പെരുമാല്‍പുരത്ത് സമീപത്തെ പെട്രോള്‍ പമ്പ് പോലും മുങ്ങിയ അവസ്ഥയായിരുന്നു.

ഡ്രൈനേജ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ദേശീയപാത നിര്‍മ്മാണ് അധികൃതരുമായി നടന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡ്രൈനേജ് വഴി പോകുന്ന വെള്ളം ഇട്ടിച്ചിറ ഭാഗത്തേയ്ക്ക് ഒഴുക്കിവിടാമെന്നായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ വെള്ളം ഒരുക്കിവിട്ടാല്‍ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുമെന്നും ഇട്ടിച്ചിറ ഭാഗത്തുള്ള കൃഷികള്‍ നശിക്കുമെന്നൊക്കെ ജനങ്ങള്‍ പ്രതിഷേധിച്ചതിനാല്‍ ഡ്രൈനേജ് പണി നടക്കാതെ പോവുകയായിരുന്നെന്ന് തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പയ്യോളി ഭാഗത്തെയും വെള്ളക്കെട്ട് ഇട്ടിച്ചിറ ഭാഗത്തേയ്ക്ക് ഒഴുക്കിവിടാനും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കാരണമാണ് നടക്കാതെ പോയതെന്ന് പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പയ്യോളിയിലെ വിവിവധയിടങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കഴിഞ്ഞ 27 ന് പയ്യോളി കോടതിയ്ക്ക് മുന്‍വശം രൂപപ്പെട്ട വെള്ളക്കെട്ടില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ്സ് കൂടുങ്ങി പൂലര്‍ച്ചെ വരെയാണ് ഗതാഗത തടസ്സം നേരിട്ടത്.

ദേശീയപാത നിര്‍മ്മാണവും ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പണിയും കാരണം റോഡുകളെല്ലാം നശിച്ചെന്നും ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായെന്നും പഞ്ചായത്ത് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ ഇന്നലെ ഉണ്ടായ വെള്ളക്കെട്ടും ബ്ലോക്കും സംബന്ധിച്ച കാര്യങ്ങള്‍ ദേശീയാപാത അധികൃതരെ വിളിച്ച് വിവരമറിയിച്ചിട്ടുണ്ടെന്നും പ്രസിഡണ്ട് കൊയിലാണ്ടി ന്യസ് ഡോട് കോമിനോട് പറഞ്ഞു. ചര്‍ച്ചകളും പ്രതിഷേധ സമരങ്ങളും നിരന്തരം നടത്താറുണ്ടെന്നും രണ്ട് വര്‍ഷം പിന്നിടുമ്പോഴും പെരുമാള്‍പുരത്തെ വെള്ളക്കൈട്ടിന് യാതൊരു പരിഹാര നടപടികളും ആരംഭിച്ചിട്ടില്ലെന്നും പ്രസിഡണ്ട് വ്യക്തമാക്കി.