അവസാന ഇരയാവും ആനന്ദ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ? പന്തലായിനിക്കാർക്ക് മേൽപ്പാലമോ അടിപ്പാതയോ വേണം; അതിനായി കോടതി കയറാനും മടിക്കരുത്
മണിശങ്കർ
പന്തലായിനി യു.പി സ്കൂൾ വിദ്യാർത്ഥി ആനന്ദ് ആണ് പുതിയ ഇര. പന്തലായിനിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നത്തിൻ്റെ അവസാനത്തെ ഇരയാവും ആനന്ദ് എന്ന പിഞ്ച് കുഞ്ഞ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ?
പന്തലായിനി ദേശത്തിനകത്തും ഓരം പറ്റിയും ജീവിക്കുന്ന നാലായിരം കുടുംബങ്ങളുണ്ട്. അവർക്ക് കൊയിലാണ്ടിയിൽ നിന്ന് നടന്ന് വരണമെങ്കിൽ…. ദേശീയ പാതയിൽ നിന്ന് നേരായ ഒരു വഴിപോലുമില്ല.
റെയിൽ പാളം ദേശത്തിനും ദേശീയ പാതയ്ക്കും ഇടയിലൂടെ കടന്ന് പോകുന്നതിനാൽ, റയിൽപാളത്തിന് അപ്പുറത്ത് നിന്ന് ഇപ്പുറത്തെത്താൻ പാളത്തിന് മുകളിലൂടെ നടക്കുക, പാളം മുറിച്ച് കടക്കുക, പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കുക തുടങ്ങിയ നിയമ വിരുദ്ധമായ മാർഗം സ്വീകരിക്കേണ്ടി വരുന്ന ജനങ്ങളാണ് പന്തലായനിക്കാർ.
വണ്ടികൾക്ക് പോകാൻ റോഡ് ഉണ്ടെല്ലോ എന്നൊന്നും വീമ്പ് പറഞ്ഞിട്ട് കാര്യമില്ല, റെയിവേ കാരണം വിഭജിക്കപ്പെട്ട ജനതയ്ക്ക് അപ്പുറത്തും ഇപ്പുറത്തും സുരക്ഷിതമായി സഞ്ചരിക്കാൻ മേൽപ്പാലമോ അടിപ്പാതയോ വേണം; അത് ഞങ്ങളുടെ അവകാശമാണ്, ഔദാര്യമല്ലെന്ന് ചിന്തിക്കാൻ എന്തേ എൻ്റെ നാട്ടുകാർക്ക് ഒറ്റകെട്ടായി പറ്റാത്തത് എന്ന് ഞാൻ അത്ഭതപ്പെടുകയാണ്.
അവകാശം നിഷേധിക്കപ്പെടുമ്പോൾ അത് മനുഷ്യകാവകാശ ധ്വംസനമാണെന്ന് നമ്മൾ എന്നു മുതലാണ് ചിന്തിച്ച് തുടങ്ങുക? അങ്ങനെ ചിന്തിക്കാത്ത പക്ഷം. നമ്മൾ നമ്മളെ തന്നെ വഞ്ചിച്ച് നമ്മുടെ നിസംഗത തുടരുന്ന കാലത്തോളം ഇനിയും റയിൽ പാളത്തിൽ മനുഷ്യ രക്തം പുരളാം…
മുമ്പ് ഒരു അടിപ്പാത പ്ലാറ്റ്ഫോം തുടങ്ങുന്നതിനടുത്തായി… നാലുപുരയ്ക്കൽ പറമ്പിൻ്റെ തെക്കേപടിഞ്ഞാറ് മൂലയോട് ചേർന്ന് ഉണ്ടായിരുന്നു; അത് റോഡ് ഉണ്ടാക്കാൻ അപ്പുറക്കാരും ഇപ്പുറക്കാരും മത്സരിച്ചപ്പോൾ അപ്രത്യക്ഷമായി!ഇന്ന് ഈ ഭാഗം കണ്ടാൽ ഇവിടെയൊരു അടിപ്പാതയുണ്ടായിരുന്നൂ എന്ന കാര്യം ആരും സമ്മതിച്ചു തരണമെന്നില്ല.
മുമ്പ് ആവർത്തിച്ച് മരണമുണ്ടായപ്പോൾ ആളുകളുടെ കണ്ണിൽപൊടിയാടാൻ റെയിൽവേ അധികൃതർ കൊയിലാണ്ടിയിലെ മേൽപ്പാലത്തോട് ചേർന്ന് ആർക്കോ വേണ്ടി കുറെ പടവുകൾ പണിതിട്ടുണ്ട്. ഇന്നത് സമൂഹ്യ വിരുദ്ധർക്ക് പ്രയോജനപ്പെടുന്നൂ എന്നല്ലാതെ ഇതുകൊണ്ട് മറ്റൊരു ഗുണവും നാടിനില്ല.
ഇങ്ങനെ നാവടപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകളല്ല, പാളത്തിലൂടെ സഞ്ചരിക്കാതെ… ഞങ്ങൾക്ക് പാളം മുറിച്ചുകടക്കാനുള്ള ശരിയായ കാൽനട പാത വേണം; അത് മേൽപ്പാലമായാലും അടിപ്പാതയായാലും വേണമെന്നാണ് നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത്. അത് നിഷേധിക്കുമ്പോൾ നാടിൻ്റെ മനുഷ്യാവകാശ പ്രശ്നമായി കണ്ട് കോടതി കയറാനും നമ്മൾ മടിക്കരുത്.
Related News:
- ”ഫൂട്ട് ഓവര്‍ബ്രിഡ്ജ് എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും എത്ര ജീവനുകള്‍ പൊലിയണം?” കൊയിലാണ്ടിയില്‍ തീവണ്ടി തട്ടിയുള്ള ആറാം ക്ലാസുകാരന്റെ ദാരുണമരണത്തോടെ റെയില്‍പ്പാളം മുറിച്ചുകടന്നുള്ള അപകട യാത്രയ്ക്ക് അന്ത്യം വേണമെന്ന ആവശ്യം ശക്തമാകുന്നു – Click Here to Read
- കുടയില്‍ കാറ്റുകുടുങ്ങി ട്രെയിനിലേക്ക് തെറിച്ച് പോയി; രക്ഷിക്കാനായി അമ്മക്കൈകള്‍ നീളും മുമ്പേ അപകടം; ആനന്ദിന്റെ മരണത്തില്‍ വിറങ്ങലിച്ച് കൊയിലാണ്ടി – Click Here to Read
- കാറ്റിൽ പറന്നകന്ന കുടയോടൊപ്പം പോയത് ഒരു വീടിന്റെ സ്വപനങ്ങൾ, സ്കൂളിന്റെ ജീവൻ; കൊയിലാണ്ടിയിൽ ട്രെയിനപകടത്തിൽ പെട്ട് മരണമടഞ്ഞ ആനന്ദിന് നീറിപ്പുകയുന്ന മനസോടെ വിട നൽകി നാട് – Click Here to Read