കൊയിലാണ്ടിയിൽ അമിതവേഗത്തിലോടിയ ദീർഘദൂര ബസ് ബൈക്കിൽ ഇടിച്ച് അപകടം, നന്തി സ്വദേശികൾക്ക് പരിക്ക്; ബസ് പൊലീസ് കസ്റ്റഡിയിൽ


Advertisement

കൊയിലാണ്ടി: നഗരത്തിലൂടെ അമിത വേഗതയിൽ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കിയ ദീർഘദൂരബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. KL-13-AF-6375 നമ്പറിലുള്ള ടാലന്റ് എന്ന ബസ്സാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇതേ ബസ് കൊയിലാണ്ടിയിൽ അപകടമുണ്ടാക്കുന്നത്.

Advertisement

ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാലന്റ് ബസ് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരും നന്തി സ്വദേശികളുമായ ഹാരിസ്, റഹീസ് എന്നിവർക്ക് പരിക്കേറ്റു.  ഇരുവരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisement

അമിതവേഗത്തിൽ പോവുകയായിരുന്ന ബസ് ഇടത് ഭാഗത്ത് കൂടെ തെറ്റായ വശത്തുകൂടെ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബസ് ബൈക്കിലിടിച്ചത്. കൂടാതെ ബസ് ജീവനക്കാർ ബൈക്ക് യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. തുടർന്നാണ് നാട്ടാകാർ ബസ് തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തത്. പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു.

Advertisement

രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ടാലന്റ് ബസ് കൊയിലാണ്ടിയിൽ വച്ച് അപകടം ഉണ്ടാക്കുന്നത്. മുരളി സർവ്വീസ് സ്റ്റേഷന് മുൻവശത്ത് വച്ചും സ്റ്റേറ്റ് ബാങ്കിന് സമീപത്ത് വച്ചുമാണ് നേരത്തേ ഇതേ ബസ് അപകടമുണ്ടാക്കിയത്. ബസ്സിലെ ജീവനക്കാർ എസ്.ഐയുടെ സംഭാഷണം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി സി.ഐ എം.വി.ബിജു അറിയിച്ചു.