നിപയില്‍ വീണ്ടും ആശ്വാസം: 61 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഒൻപതു വയസ്സുള്ള കുട്ടിയടക്കം നിപ പോസിറ്റീവായ നാല് പേരുടെ ആരോഗ്യ നിലയിലും പുരോഗതി


കോഴിക്കോട്‌: നിപയില്‍ കോഴിക്കോടിന് വീണ്ടും ആശ്വാസം. ചൊവ്വാഴ്ച പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായി. നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

അതേ സമയം നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരമെന്നും, ജില്ലയില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണമെന്നും, ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടര്‍ന്നാല്‍ ഏതാനും ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു.