പ്രിയപ്പെട്ടവര്‍ അടുത്തില്ലെങ്കിലും ഓണത്തിന്റെ മാറ്റ് കുറഞ്ഞില്ല; തിരുവോണനാളില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇലയിട്ട് സദ്യ വിളമ്പി ഡിവൈഎഫ്ഐ


കൊയിലാണ്ടി: ഇത്തവണയും പതിവ് തെറ്റിയില്ല. തിരുവോണ നാളില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇലയിട്ട് സദ്യ വിളമ്പി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആശുപത്രിയില്‍ മുടങ്ങാതെ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ഓണ സദ്യ കൊടുക്കാറുണ്ട്‌.

ഓണത്തിന് ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്കും, രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഈ സദ്യ വലിയൊരു ആശ്വാസം തന്നെയാണ്. പ്രിയപ്പെട്ടവര്‍ അടുത്തില്ലെങ്കിലും നല്ലൊരു ദിവസം നല്ല ഭക്ഷണം സ്‌നേഹത്തോടെ കിട്ടുമ്പോള്‍ കഴിക്കുന്നവര്‍ക്കും അത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയില്‍ രാവിലെയും രാത്രിയും ഭക്ഷണം വിളമ്പാറുണ്ട്. തിരുവോണനാളില്‍ പ്രിയപ്പെട്ടവര്‍ ഒപ്പമില്ലാതെ ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഭക്ഷണം കൊടുക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്നും തുടര്‍ന്നും ഇത്തരത്തില്‍ സദ്യ കൊടുക്കാനാണ് തീരുമാനമെന്നും ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആശുപത്രി ക്യാന്റീനില്‍ ഒരുക്കിയ സദ്യ കഴിക്കാന്‍ ഏതാണ്ട്‌ 200 പേരാണ് എത്തിയത്. കിടപ്പിലായ രോഗികള്‍ക്ക് പാര്‍സല്‍ നല്‍കുകയായിരുന്നു. പരിപ്പും പായസവും പപ്പടവും അടക്കം എല്ലാ വിധ വിഭവങ്ങളും അടങ്ങിയതായിരുന്നു സദ്യ.

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: എൽ.ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്‌, ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു, ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, ട്രഷറര്‍ പി.വി അനുഷ, പ്രദീപ് ടി.കെ, ദിനൂപ് സി.കെ, റിബിന്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സദ്യ വിളമ്പിയത്.

Description: On Thiruvona day, DYFI workers served food on leaves at the Koyilandy taluk hospital