ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും; സില്‍വര്‍ലൈന്‍ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം


തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാന്‍ റവന്യൂ വകുപ്പില്‍ നിന്ന് നടപടി ഉണ്ടാകും.

2020 ജൂണില്‍ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമായില്ല. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി പുതുക്കി നല്‍കില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നാണ് നിലവിലെ ധാരണ.

വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സില്‍വര്‍ലൈന്‍ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടല്‍ അവസാനിപ്പിച്ചത്.