ഫോര്‍മാലിന്‍ ചേര്‍ക്കാത്ത ഫ്രീസറില്‍ സൂക്ഷിക്കാത്ത ഐസിട്ട നല്ല പിടയ്ക്കുന്ന മീന്‍! അതും ന്യായവിലയ്ക്ക്; ജില്ല തോറും കലര്‍പ്പില്ലാത്ത മീനുമായി മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’


കോഴിക്കോട്: കലര്‍പ്പില്ലാത്തതും പഴക്കമില്ലാത്തതുമായ മീനുകള്‍ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ ജില്ലയില്‍ ജനകീയ പിന്തുണയോടെ മുന്നേറുന്നു.

അന്തിപ്പച്ചയെന്ന പേരിലുള്ള മൊബൈല്‍ യൂണിറ്റില്‍ ഫോര്‍മാലിന്‍ ചേര്‍ക്കാത്തതും ഫ്രീസറില്‍ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് വില്‍ക്കുകയാണ് ലക്ഷ്യം. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിലുണ്ട്. പകല്‍ രണ്ടുമുതല്‍ രാത്രി ഒന്‍പത് വരെയാണ് സേവനം. എല്ലാ ദിവസവും ‘അന്തിപ്പച്ച’ മീനുമായെത്തും. മീന്‍ മുറിച്ച് വൃത്തിയാക്കി വാങ്ങാം. തോണികളില്‍ നിന്നും മത്സ്യഫെഡ് അംഗമായ സംഘങ്ങളില്‍ നിന്നും ഇടനിലക്കാരില്ലാതെ വാങ്ങുന്ന മീനാണ് വില്‍ക്കുക. മായമില്ലാത്തതെന്ന് പരിശോധിച്ച് ഉറപ്പാക്കിയാണ് അന്തിപ്പച്ചയിലേക്കുള്ള മീന്‍ വാങ്ങുന്നത്. ഉപഭോക്താക്കള്‍ക്കും ഈ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്താം.

നിലവില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ കാരപറമ്പ് പരിസരത്തും 4 മുതല്‍ 9വരെ സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് അന്തിപ്പച്ചയുടെ സേവനം. ദിവസേന 50 കിലോക്ക് മുകളില്‍ വിപണനം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

നവംബര്‍ 13 നാണ് ജില്ലയില്‍ ‘അന്തിപ്പച്ച’ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. മത്സ്യഫെഡിന്റെ അന്തിപ്പച്ച വാഹനം ജില്ലയിലെ പ്രധാന നഗരങ്ങളില്‍ മത്സ്യവുമായി വില്‍പനയ്ക്ക് എത്തും. വില്‍പന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കുമെന്നും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അപര്‍ണ രാധാകൃഷ്ണന്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 0495 2380344, 9526041125 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.