ജില്ലയിൽ പാലുത്പന്ന നിർമാണ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂൺ 10 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 10 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് സിറ്റിംഗ്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാവുന്നതാണ്.

പി.എസ്.സി വിജ്ഞാപനം

കേരള ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ 72 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുകളിലേക്ക് നേരിട്ടും (കാറ്റഗറി നം. 137/2022) 8 ഒഴിവുകളിലേക്ക് ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർഥികളിൽനിന്നുമാണ് (കാറ്റഗറി നം. 138/2022) നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.keralapsc.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂൺ 8

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂൺ 9,10 തീയതികളിൽ തീറ്റപ്പുൽ കൃഷി പരിശീലനം നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി [email protected] എന്ന മെയിലിലോ 0495 2414579 നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ അറിയിച്ചു.

ടെൻഡർ

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന താമരശ്ശേരി പഞ്ചായത്തിലെ 32 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ : 9188959867

ടെൻഡർ

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന മടവൂർ പഞ്ചായത്തിലെ 27 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ: 9188959867

ടെൻഡർ

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന കിഴക്കോത്ത് പഞ്ചായത്തിലെ 29 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ : 9188959867

ടെൻഡർ

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന കൊടുവള്ളി മുൻസിപ്പാലിറ്റിക്ക് കീഴിലെ 41 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ : 9188959867

പാലുത്പന്ന നിർമാണ പരിശീലനം

ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ് ജൂൺ 13 മുതൽ 23 വരെ പാലുത്പന്ന നിർമാണത്തിൽ പരിശീലന പരിപാടി നടത്തും. പ്രവേശന ഫീസ് 135 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂൺ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി dd-dtc-kkd. [email protected] എന്ന ഇ മെയിൽ വിലാസത്തിലോ 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.

സ്റ്റുഡന്റ്‌സ് കൗൺസിലർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് /പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക്‌ വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ്‌ കൗൺസിലറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂൺ 14 രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലുള്ള ട്രൈബൽ ഡിവലപ്‌മെന്റ് ഓഫീസിൽ നടത്തും. ഫോൺ : 0495 2376364

ലേലം

വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ഫിഷറീസ് വകുപ്പിന്റെ ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ 142/1എ. 142/4ബി, 142/4ബി2 എന്നീ സർവെ നമ്പരുകളിൽപ്പെട്ട 87 സെന്റ് ഭൂമിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മരങ്ങൾ നിലവിലുള്ള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ജൂൺ 8 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ : 0495 2080005

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 14, 15 തീയതികളിൽ

ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നിവിടങ്ങളിൽനിന്നും 2022 ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ജൂൺ 14, 15 തീയതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.

ക്വട്ടേഷൻ

ബേപ്പൂർ തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്കുള്ള നടത്തിപ്പിനായി പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 ന് ഉച്ചയ്ക്ക് 12 മണി. അന്നേ ദിവസം വൈകുംന്നേരം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും. ഫോൺ : 0495 2414863

ഗതാഗത നിരോധനം

പനായി നന്മണ്ട 14 റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ 7 മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. ഈ വഴിയുള്ള വാഹനങ്ങൾ മണ്ണുപൊയിൽ യുവജനസംഘം റോഡ് അരീപ്രംമുക്ക് കൈരളി റോഡ് വഴി പോകേണ്ടതാണ്.

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പി.എസ്.സി അംഗീകൃത ഡി ടി പി, ഡി സി എ, ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ടൈലറിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽസ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

ടെൻഡർ

ഡി ടി പി സിയുടെ കീഴിലുള്ള വിവിധ ഡെസ്റ്റിനേഷനുകളുടെ കഫ്റ്റീരിയ, കംഫർട്ട് സ്റ്റേഷൻ മുതലായവ നിലവിലുള്ള അവസ്ഥയിൽ ഏറ്റെടുത്ത് നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 24 ഉച്ചയ്ക്ക് 1 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെൻഡർ തുറക്കും. ഫോൺ: 0495 2720012

ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം

ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഹോമിയോ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർക്ക് ജൂൺ 13 വൈകുന്നേരം 5 മണിക്ക് മുൻപ് ബയോഡാറ്റ , അപേക്ഷ, യോഗ്യത, വയസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0495 2371748

ചെറുവണ്ണൂര്‍ മേല്‍പാലത്തിന് ഭരണാനുമതിയായി

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ മേല്‍പാലത്തിന് ഭരണാനുമതി ലഭിച്ചു. 85.2 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയായാണ് പാലം വിഭാവനം ചെയ്തിട്ടുള്ളതെന്ന് ടൂറിസം പൊതു മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

മലബാറിന്‍റെ ഗതാഗതവികസന രംഗത്ത് സുപ്രധാന മാറ്റമായേക്കാവുന്ന മേൽപ്പാലം ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്ര സുഗമമാക്കുന്നതോടൊപ്പം ചെറുവണ്ണൂര്‍ താഴെ, ചെറുവണ്ണൂര്‍ മേലെ എന്നീ രണ്ട് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കും പരിഹരിക്കപ്പെടും.

കാരന്തൂർ എ.എം.എൽ.പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു

കാരന്തൂർ എ.എം.എൽ.പി സ്കൂളിനു വേണ്ടി പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് പുതിയ പാചകപ്പുരകെട്ടിടം നിർമിച്ചിട്ടുള്ളത്.

സ്കൂൾ മാനേജർ എം. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, പഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ, എ.ഇ.ഒ കെ.ജെ. പോൾ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് മുഹമ്മദ് എടക്കോത്ത്, പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് തെക്കയിൽ, ഹെഡ്മാസ്റ്റർ കെ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

‘ഞങ്ങളും കൃഷിയിലേക്ക്’ മേപ്പയ്യൂര്‍ കാര്‍ഷിക കര്‍മ്മസേന തരിശ് ഭൂമിയില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു

കൃഷി വകുപ്പ് നടപ്പിലാക്കുന്ന ”ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ കാര്‍ഷിക കര്‍മ്മസേന കൃഷിഭവന്റെ നേതൃത്വത്തില്‍ അര ഏക്കര്‍ തരിശ് ഭൂമിയില്‍ ഐ.ഐ.എസ്.ആര്‍ പ്രഗതി ഇനം മഞ്ഞള്‍ കൃഷി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം മഞ്ഞള്‍ വിത്ത് നട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ നിര്‍വഹിച്ചു. കര്‍മ്മസേന പ്രസിഡന്റ് കെ.കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ടി.എന്‍. അശ്വിനി പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, കര്‍മ്മസേന വൈസ് പ്രസിഡന്റ് മൊയ്തീന്‍ മാസ്റ്റര്‍, ട്രഷറര്‍ കുഞ്ഞോത്ത് ഗംഗാധരന്‍, കര്‍മ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കര്‍മ്മസേന സെക്രട്ടറി വി. കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ സി.എന്‍. സ്‌നേഹ നന്ദിയും പറഞ്ഞു.

കടലുണ്ടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലെ മുൻഗണനകൾക്കും വികസന പദ്ധതികൾക്കും രൂപം നൽകുന്നതിനായി കടലുണ്ടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാനും സംരംഭകത്വ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുമായി നൂതന പദ്ധതികൾ പഞ്ചായത്ത് ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിൽ കടലുണ്ടിക്ക് വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർപേഴ്‌സൺ ബിന്ദു പച്ചാട്ട് വികസനരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി.കെ. ഷൈലജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുരളി മുണ്ടെങ്ങാട്ട്, ടി. സുഷമ, സതീദേവി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ സ്വാഗതവും സെക്രട്ടറി ബിനു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും – മന്ത്രി ജി.ആർ.അനിൽ

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ.അനിൽ. സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ സംഭവിച്ചത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്നത് ലാബിൽനിന്ന് പരിശോധനാഫലം വന്നശേഷം മാത്രമേ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സിവിൽ സ്റ്റേഷൻ യു.പി സ്കൂളും സെന്റ് വിൻസെൻ്റ് സ്കൂളും സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്കൂളുകളിൽ പഴകിയ അരി ഇല്ലെന്നും പുതിയ സ്റ്റോക്കാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ ഭക്ഷണവിതരണത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കുകയെന്നതാണ് പരിശോധനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ജല അതോറിറ്റി പരിശോധിക്കും. പരിശീലനത്തിന് ശേഷം ഹെൽത്ത് കാർഡുകൾ ലഭിച്ച പാചക തൊഴിലാളികളാണ് നിലവിൽ സ്കൂളുകളിൽ ഉള്ളത്. പരിശോധനാ റിപ്പോർട്ടുകൾ രണ്ടുദിവസത്തികനം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിഷയത്തെ ഗൗരവത്തോടെ ആണ് സർക്കാർ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാചകപ്പുര ഉൾപ്പെടെ മന്ത്രി സന്ദർശിച്ചു. വരുംദിവസങ്ങളിലും മിന്നൽ പരിശോധന തുടരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തോട്ടത്തിൽ രവീന്ദ്രൻ എം. എൽ.എ, കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ, എ.ഇ.ഒ എം. ജയകൃഷ്ണൻ, നൂൺ മീൽ ഓഫീസർ രവിശങ്കർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

നവകേരള സൃഷ്ടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക്- മന്ത്രി അഹമ്മദ് ദേവർകോവിൽ

കോവിഡാനന്തര നവകേരള സൃഷ്ടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറെ പങ്കു വഹിക്കാനാവുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നവകേരളത്തിന് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം ഉറപ്പാക്കുക, സമഗ്ര സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ സമൂഹത്തെ പ്രാപ്തമാക്കുക, ദാരിദ്ര്യത്തിൽനിന്നും പൂർണ മോചനം സാധ്യമാക്കുക തുടങ്ങി എല്ലാ മേഖലയിലും സമ്പൂർണ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് കരട് വികസനരേഖയും, ഗ്രാമ സഭകളിൽനിന്ന് വന്ന നിർദേശങ്ങളും വിശദമായ ചർച്ചകൾക്കും പുതിയ നിർദേശങ്ങൾക്കുമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സിന്ധു പദ്ധതി വിശദീകരിച്ചു. ആസൂത്രണ സമിതി ഉപാധ്യാക്ഷൻ കെ.കെ. ജയപ്രകാശൻ പദ്ധതി ആസൂത്രണം വിശദീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രവി പറശ്ശേരി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മിനി നന്ദിയും പറഞ്ഞു.