കേസെടുക്കേണ്ടത് ആര്‍.പി.എഫ് ആണെന്ന് കൊയിലാണ്ടി പൊലീസ്, കേസെടുക്കാതെ ആര്‍.പി.എഫും; കൊയിലാണ്ടിയിൽ മദ്യപിച്ച് ട്രെയിനില്‍ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടും പ്രതികള്‍ക്കെതിരെ നടപടിയില്ല
കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്തില്ല. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ പൊലീസിന് ഇടപെടാനാവില്ലെന്ന് കൊയിലാണ്ടി പൊലീസും സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി പറയാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് റെയില്‍വേ പൊലീസും പറയുന്നു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത്.
ട്രെയിനില്‍ മറ്റുയാത്രക്കാരെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയുമൊക്കെ ചെയ്ത സംഭവത്തിലാണ് അക്രമകാരികളായ പ്രതികളെ സാങ്കേതികത്വം പറഞ്ഞ് വെറുതെ വിട്ടിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് മാഹിയില്‍ നിന്ന് മദ്യപിച്ച് ട്രെയിനില്‍ കയറിയ രണ്ട് യുവാക്കള്‍ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തിയത്. കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ ഇവരെ വണ്ടിയില്‍ നിന്ന് പിടികൂടി പുറത്തുകൊണ്ടുവരികയായിരുന്നു.
എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കേണ്ടത് ആര്‍.പി.എഫ് ആണെന്ന് പറഞ്ഞ് കൊയിലാണ്ടി പൊലീസ് കയ്യൊഴിഞ്ഞു. ഇതിനിടെ പ്രതികളെയും പരിക്കേറ്റവരെയും ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ചികിത്സതേടിയശേഷം ഇരുവരും പോകുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നുമാണ് ആര്‍.പി.എഫ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നവിധം പെരുമാറിയിട്ടും സാങ്കേതികത്വം പറഞ്ഞ് പ്രതികളെ വെറുതെ വിട്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.