അര്‍ജന്റീനയ്ക്ക് വേണ്ടി വിതുമ്പിയ നിബ്രാസ് ദുബായിലെത്തി; ഇന്ന് രാത്രി ഖത്തറിലെത്തി നേരിട്ട് കളി കാണും


തൃക്കരിപ്പൂര്‍: പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് തേങ്ങിക്കരയുമ്പോഴും ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ തൃക്കരിപ്പൂര്‍ മണിയനോടിയിലെ മുഹമ്മദ് നിബ്രാസ് ഇന്ന് രാത്രി ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ കളി കാണും.

നിബ്രാസ് ഈ ആഴ്ച ആദ്യം ദുബായില്‍ എത്തിയിരുന്നു. ഇന്ന് രാത്രി നടക്കുന്ന അര്‍ജന്റീന-നെതര്‍ലാന്റ് ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ റോഡ് മാര്‍ഗം ഖത്തറിലേക്ക് തിരിക്കും. ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് എന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിന്റെ യാത്ര സ്‌പോര്‍സര്‍ ചെയ്തിരിക്കുന്നത്.

‘അര്‍ജന്റീനയുടെ മത്സരം നേരിട്ടുകാണുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. മെസി ഇന്ന് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുമെന്ന് തന്നെ കരുതുന്നു’ – നിബ്രാസ് പറയുന്നു.

നേരത്തെ ബന്ധുക്കള്‍ക്കൊപ്പം യു.എ.ഇയില്‍ പോയിട്ടുള്ള നിബ്രാസ് ഇപ്രാവശ്യം പക്ഷേ തനിച്ചാണ്. ഷാര്‍ജ-ബര്‍ദുബൈ മേഖലകളിലെ മണിയനോടി സ്വദേശികള്‍ക്കൊപ്പമാണ് നിബ്രാസ് താമസിക്കുന്നത്. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശി നൗഫലിന്റെ മകനായ നിബ്രാസ് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സൗദിയുമായുള്ള മത്സരം കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോള്‍ പരിസരവാസികള്‍ ചോദിച്ചപ്പോഴാണ് നിബ്രാസ് തേങ്ങിക്കരഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ നിബ്രാസിന് അര്‍ജന്റീന ജഴ്‌സി ഉള്‍പ്പെടെ വിവിധ ഉപഹാരങ്ങള്‍ പലരും സമ്മാനിച്ചിരുന്നു.

വൈറല്‍ വീഡിയോ കാണാം: