ഇനി കാത്തു നിന്ന് മടുക്കേണ്ട, വിവരങ്ങള്‍ അതിവേഗത്തില്‍ നിങ്ങളിലേക്കെത്തും; കൊയിലാണ്ടി നഗരസഭയിൽ ആധുനിക റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഒരുങ്ങി


കൊയിലാണ്ടി: നഗരസഭയിൽ നിന്നുള്ള വിവരങ്ങൾക്കും രേഖകൾക്കുമായി ഇനി പലവട്ടം കയറിയിറങ്ങണ്ട, ഏറെനേരം കാത്തിരിക്കേണ്ടിയും വരില്ല. റെക്കോര്‍ഡ് ലൈബ്രറിയിലൂടെ അതിവേഗത്തില്‍ രേഖകള്‍ കൈകളിലെത്തും. ഒപ്പം നാട്ടുകാർക്ക് ഒന്നിച്ചിരുന്ന് പത്രം വായിക്കാനും പഠിക്കാനുമൊക്കെ സൗകര്യം. ആധുനിക റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ആണ് കൊയിലാണ്ടി നഗരസഭ ഒരുക്കിയിരിക്കുന്നത്.

റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂമിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. പത്ത് ലക്ഷം രൂപ മുടക്കിയാണ് ആധുനിക രീതിയിലുള്ള റെക്കോര്‍ഡ് ലൈബ്രറി ഒരുക്കിയത്. നഗരസഭയുടെ 2021 – 22 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.

റെക്കോര്‍ഡ് ലൈബ്രറിയോടൊപ്പം കേരളത്തിലെ തദ്ദേശ സ്ഥാപന സംവിധാനത്തെക്കുറിച്ചും ജനകീയാസൂത്രണ പദ്ധതിയെക്കുറിച്ചും പഠിക്കുന്നതിനും റഫര്‍ ചെയ്യുന്നതിനുമായി ഒരു റഫറന്‍സ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഒരു ചെറിയ ഗ്രന്ഥശാലയും എല്ലാ പത്രങ്ങളും ആനുകാലികങ്ങളും അടങ്ങുന്ന റീഡിംഗ് റൂമും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, സി.പ്രജില, പി.കെ. നിജില, നഗരസഭാംഗങ്ങളായ പി.രത്‌ന വല്ലി, വി.പി.ഇബ്രാഹിംകുട്ടി, എ.ലളിത, കെ.കെ.വൈശാഖ്, സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.ടി.അരവിന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.രമേശന്‍, നസീബ് ജലീല്‍, സി.ഡി.എസ്.അധ്യക്ഷ എം.പി.ഇന്ദുലേഖ, സുരേന്ദ്രന്‍ കുന്നോത്ത് എന്നിവര്‍ സംസാരിച്ചു.