ഇതാ പൊയില്‍ക്കാവിന്റെ നയന; അഞ്ച് ഫസ്റ്റ് എ ഗ്രേഡുകള്‍, സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മിന്നിയ പ്രതിഭ


കൊയിലാണ്ടി: എട്ട് മത്സരങ്ങളില്‍ പങ്കെടുത്തു. അഞ്ചിലും ഫസ്റ്റ് എ ഗ്രേഡ്. പൊയില്‍ക്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മിന്നും താരമായിരിക്കുകയാണ് നയന. ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ഒരുപോലെ തിളങ്ങിയാണ് നയന ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.

പൊയില്‍ക്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് നയന. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ ഇംഗ്ലീഷ് റെസിറ്റേഷന്‍, സംസ്‌കൃതം റെസിറ്റേഷന്‍, സംസ്‌കൃതം അക്ഷരശ്ലോകം, പാഠകം എന്നീ മത്സരങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡോടെ വിജയം കരസ്ഥമാക്കി. സംസ്‌കൃത നാടകത്തിലും ഒന്നാം സ്ഥാനം.

ചിത്രരചനയിലും ജനറല്‍ അക്ഷരശ്ലോകത്തിലും സെക്കന്റ് എ ഗ്രേഡ് കരസ്ഥമാക്കിയ നയന സംഘഗാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ചേമഞ്ചേരി മമ്മിളിയില്‍ ശ്രീപ്രിയയുടേയും രാധാഗോപിയുടേയും മകളാണ് നയന. വീട്ടില്‍ നിന്ന് തന്നെയാണ് പരിശീലനം. അമ്മ ശ്രീപ്രിയയും അമ്മമ്മയുമാണ് നയനയുടെ പ്രധാന പരിശീലകര്‍. അമ്മയുടെ പാത പിന്‍തുടര്‍ന്നാണ് നയന സംസ്‌കൃതത്തിന്റെ ലോകത്തേക്കെത്തുന്നത്. ഗസ്റ്റ് ടീച്ചറായിരുന്ന അമ്മ പഴയ കലാതിലകമാണ്. ചിത്രരചനയിലേക്കുള്ള വഴി തെളിച്ചത് ചിത്രകാരന്‍കൂടിയായ അച്ഛന്‍ രാധാഗോപി.

തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയത് കൂടി മകള്‍ക്ക് സാധിക്കട്ടെ എന്നാണ് അമ്മ ശ്രീപ്രിയയുടെ നിലപാട്. ‘അവള്‍ക്ക് ആഗ്രഹമുള്ളതൊക്കെ പഠിക്കട്ടെ, അര്‍ഹതയുണ്ടെങ്കില്‍ ജയിച്ച് കയറട്ടെ. നമുക്ക് പറ്റാത്തത് കൂടി അവള്‍ പഠിക്കുന്നത് കാണുമ്പോള്‍ സന്തോഷം.’ – നയനയുടെ അമ്മ പറയുന്നു.

ജില്ലയിലും എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നും ജയിച്ച് കയറാനാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും നയന കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.