‘നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി’; മൂന്ന് മത്സരങ്ങള്‍, മൂന്നിലും താരമായി തിരുവങ്ങൂരിന്റെ ആഗ്നേയ
കൊയിലാണ്ടി: ഉപജില്ല കലോത്സവത്തില്‍ മിന്നും താരമായി ആഗ്നേയ എസ്. നായര്‍. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആഗ്നേയ. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കി.
നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ഇനങ്ങളിലാണ് ആഗ്നേയ മത്സരിച്ചത്. മൂന്നിലും ഫസ്റ്റ് എ ഗ്രേഡ് നേടി ജേതാവായി. നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ആഗ്‌നേയ കലാമണ്ഡലം സ്വപ്ന സഞ്ജിത്തിന്റെ അടുത്ത് നിന്നാണ് നൃത്ത പഠനം ആരംഭിച്ചത്. ഇപ്പോള്‍ സഞ്ജിത്തിന്റെ അടുത്ത് നിന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയും ബാലുശേരി സുധീഷ് മാസ്റ്ററുടെ അടുത്ത് നിന്ന് നാടോടിനൃത്തവും അഭ്യസിച്ച് വരുന്നു.
കൊയിലാണ്ടി ജെയ്‌സി കലോല്‍സവത്തില്‍ നടോടി നൃത്തത്തിന് ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ആഗ്‌നേയ തന്റെ കലാ ജൈത്രയാത്ര ആരംഭിക്കുന്നത്. ചേലിയ ശ്രീപാര്‍വ്വതിയില്‍ സുജിന-ഷിബേഷ് എന്നിവരുടെ മകളാണ് ആഗ്‌നേയ. ചെറുപ്പം മുതലെ നൃത്തത്തില്‍ അതിയായ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നൃത്ത പഠനത്തിനയച്ചത് എന്ന് മാതാപിതാക്കള്‍ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.
നാട്യധാരയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പിന്തുണ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായതെന്നും മകളുടെ അധ്വാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണിതെന്നും അവര്‍ പറയുന്നു.
ഭരതനാട്യമാണ് ഇഷ്ട നൃത്തം. ഇഷ്ട നര്‍ത്തകി ശോഭനയും. ഭാവിയില്‍ ശോഭനയെപ്പോലെ അറിയപ്പെടുന്ന നര്‍ത്തകിയാകാനാണ് ആഗ്രഹമെന്നും ആഗ്നേയ പറയുന്നു.