പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ


കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്.

സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 300 അടി ഉയരത്തിലാണ് മുത്താച്ചിപ്പാറ. കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡിലും, കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുമായി 35 ഏക്കറിലാണ് മുത്താച്ചിപ്പാറ സ്ഥിതിചെയ്യുന്നത്. മലകയറി മുകളിലെത്തിയാല്‍ നിങ്ങള്‍ക്ക് പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ ആസ്വദിക്കാം.

മലകയറി വരുമ്പോള്‍ ദൃശ്യമാകുന്ന നനുത്ത തൂവല്‍ സ്പര്‍ശത്തോടെയെത്തുന്ന കോടയും ഏതുനേരവും നിങ്ങളെ തലോടി കടന്നുപോകുന്ന നേര്‍ത്ത കടല്‍കാറ്റും ഇവിടെയുത്തുന്ന സഞ്ചാരികളുടെ മനംമയക്കുന്നു. കുത്തനെയുള്ള പാറ കയറി മുകളിലെത്തി മുകളിലെത്തിയാല്‍ കാണുന്ന എരപ്പാംതോട്ടിലെ പൗരാണികമായ രണ്ട് അങ്കക്കല്ലുകളുടെ ദൃശ്യവും അതി മനോഹരമാണ്. കൂടാതെ പയ്യോളി, കൊയിലാണ്ടി കടലോരങ്ങളും തിക്കോടി ലൈറ്റ് ഹൗസും ഇവിടെ നിന്ന് നോക്കിയാല്‍ കാണാന്‍ സാധിക്കും. പാറയിലൂടെയുള്ള കുത്തനെയുള്ള കയറ്റമായതിനാല്‍ മഴക്കാലത്ത് പോകുമ്പോള്‍ അപകടം ഒന്നും വരാതിരിക്കാന്‍ ഏറെ ശ്രദ്ധ വേണം.

കൊയിലാണ്ടിയിൽ നിന്ന് വരുമ്പോൾ ഉള്ളിയേരി-നടുവണ്ണൂർ-കൂട്ടാലിട വഴിയോ നടുവണ്ണൂർ-മുളിയങ്ങൽ വഴിയോ കായണ്ണ ബസാറിലെത്താം. അവിടെ നിന്ന് അഞ്ചര കിലോമീറ്റര്‍ മാത്രം അകലെയാണ് മുത്താച്ചിപ്പാറ. കോഴിക്കോട് നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി റൂട്ടില്‍ സഞ്ചരിച്ച് നടുവണ്ണൂർ-കൂട്ടാലിട വഴിയോ മുളിയങ്ങല്‍ വഴിയോ, കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലെത്തി ബാലുശ്ശേരി-കായണ്ണ റൂട്ടില്‍ സഞ്ചരിച്ച് കായണ്ണ ബസാറിലെത്തിയോ മുത്താച്ചിപ്പാറയിലെത്താം.

കരികണ്ടന്‍പാറയില്‍ നിന്ന് ഊളേരി വഴി പാറയുടെ മടിത്തട്ടിനടുത്തുവരെ റോഡുണ്ട്. ഇവിടെ നിന്ന് അരക്കിലോമീറ്ററോളം ദൂരം മല കയറിയാല്‍ മുത്താച്ചിപ്പാറയിലെത്താം. തൊട്ടുതാഴെയായി എരപ്പാംതോട് വഴി ബാലുശേരിക്കും ഗതാഗതസൗകര്യമുണ്ട്. നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ നിന്നും അടുത്താണ്.

Content Highlights / English Summary: Best spot for one day trip in Kozhikode district. Travel special story.