വീടുപണി, മകന്റെ പഠനം; ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും സൗദിയിലേക്ക് പോയത് മറ്റു വഴിയില്ലാത്തതിനാല്‍; മുത്താമ്പി സ്വദേശി സജീവന്റെ മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം
മുത്താമ്പി: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പകുതിയോടെയാണ് മുത്താമ്പി മീത്തലെ നൊട്ടുവീട്ടില്‍ സജീവന്‍ സൗദി അറേബ്യയിലേക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ നാട്ടില്‍ തന്നെ എന്തെങ്കിലും നോക്കാമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെ മറ്റുവഴികളില്ലാത്തതിനാല്‍ സജീവന്‍ സ്‌നേഹപൂര്‍വ്വം തള്ളിക്കളയുകയായിരുന്നു.
സൗദിയില്‍ നന്തി സ്വദേശിയുടെ ബേക്കറിയിലാണ് സജീവന്‍ ജോലി ചെയ്യുന്നത്. അദ്ദേഹം പ്രവാസം തെരഞ്ഞെടുത്തിട്ട് നാലഞ്ച് വര്‍ഷമായിട്ടേയുള്ളൂ. അതിനു മുമ്പ് പലയിടങ്ങളിലായി ബേക്കറികളില്‍ ജോലി ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഒരു തവണ നാട്ടില്‍ വന്നപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. സൗദിയില്‍ വെച്ചും ഒരുതവണ ബുദ്ധിമുട്ടുണ്ടായതിനെത്തുടര്‍ന്ന് ചികിത്സ തേടേണ്ടിവന്നു.
പി.എം.എ.വൈ ഫണ്ടിന്റെ സഹായത്തോടെ ഒരു വീട് നിര്‍മ്മിച്ചിട്ടുണ്ട് എന്നതാണ് കുടുംബത്തിന്റെ ഏക ആശ്വാസം. അവിടെയാണ് താമസിക്കുന്നതെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. അമ്മ ജാനകി വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണ്. അമ്മയ്ക്കു പുറമേ ഭാര്യ സിന്ധുവും മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സായന്തും അടങ്ങുന്നതാണ് കുടുംബം.
ജൂണ്‍ എട്ട് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. നടപടി ക്രമങ്ങളെല്ലാം കഴിഞ്ഞ് ജൂണ്‍ 18നാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സൗദിയിലുള്ള മലയാളി സംഘടനകളും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് വേണ്ട സഹായങ്ങള്‍ ചെയ്തത്. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നാലുമണിയോടെ സംസ്‌കരിച്ചു.