കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്കായി അൽക്ക; വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ കേടുപാടുകൾ വന്ന വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി അലൂമിനിയം ലേബർ കോണ്ടാക്ട് അസോസിയേഷൻ (അൽക്ക). വർഷങ്ങളായി കേടുപാടുകൾ വന്ന് രോഗികൾക്കും ജീവനക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്ന വാതിലുകളും ജനലുകളുമാണ് അൽക്ക കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപയോഗയോഗ്യമാക്കിയത്.

മേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അൽക്കയുടെ സാമൂഹ്യ സേവന പദ്ധതികളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവൃത്തി ഉദ്ഘാടനം മുൻസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ അഡ്വ. കെ.സത്യൻ നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് സജി ഊരള്ളൂർ അധ്യക്ഷനായി.

ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് മേപ്പയ്യൂർ മുഖ്യപ്രഭാഷണം നടത്തി. ഡ്യൂട്ടി ഡോക്ടർ ഡോ. ഉല്ലാസ്, രാഘവൻ മുചുകുന്ന്, പ്രതാപൻ, സുധീഷ് കുമാർ ജി.കെ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ പെരുവട്ടൂർ സ്വാഗതവും മെർവിൻ നന്ദിയും പറഞ്ഞു.