പഴയകാല ഓർമ്മകളയവിറക്കി ഒരിത്തിരി നേരം, പാട്ടും കളികളുമായി പ്രായത്തെ മറന്നവർ ഒത്തുചേർന്നു; വേറിട്ട അനുഭവമായി മൂടാടി വൻമുഖം സ്കൂളിലെ കോലായി കിസ്സ


കൊയിലാണ്ടി: വൻമുഖം സ്കൂൾ സ്കൂളിലെ സോഷ്യൽ സർവീസ്  സ്കീമിന്റെ നേതൃത്വത്തിൽ കോലായി കിസ്സ എന്ന പേരിൽ പുരാവസ്തുക്കളുടെ പ്രദർശനവും, പരിചയപ്പെടുത്തലും തലമുറകളുടെ സ്നേഹസംഗമവും സംഘടിപ്പിച്ചു.
മാർച്ച് 2,3,4, തിയതികളിലായി കെ വി മുഹമ്മദ് ഗുരുക്കൾ പാലയാട് സ്ഥാപിച്ച ഗുരുക്കൾസ് ചികിത്സാലയത്തിലെ പുരാവസ്തു ശേഖരത്തിന്റെ പ്രദർശനവും പരിചയപ്പെടുത്തലുമാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.

നാലാം തീയതി നടന്ന സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ നിർവഹിച്ചു. കെ വി മുഹമ്മദ് ഗുരുക്കൾ ആയുർവേദത്തെ കുറിച്ചും കളരിയെക്കുറിച്ചും സംസാരിച്ചു. കടലൂരിന്റെ ചരിത്രത്തിൽ വ്യത്യസ്ത വ്യക്തിമുദ്ര പതിപ്പിച്ച പഴയ തലമുറകളിലെ ആളുകളെയും പുതിയ തലമുറയിലെ കുട്ടികളെയും ഒപ്പമിരുത്തിക്കൊണ്ട് സ്നേഹസംഗമവും സംവാദവും നടന്നു. പ്രദീപൻ കൈപ്രത്ത് മോഡറേറ്റർ ആയിരുന്നു.

പിടിഎ പ്രസിഡണ്ട് നൗഫൽ നന്തി രചിച്ച സ്വാഗത ഗാനം വിദ്യാലയത്തിലെ സംഗീത അധ്യാപിക സജിത ടീച്ചറും കുട്ടികളും ചേർന്ന് ആലപിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് സുചിത്ര ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൗഫൽ നന്തി അധ്യക്ഷത വഹിച്ചു. സോഷ്യൽ സർവീസ് സ്കീം കൺവീനർ ഷാജി മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

മുതിർന്ന പൗരന്മാർക്ക് നാരങ്ങ മിഠായി വിതരണം ചെയ്താണ് കോലായി കിസ്സ ആരംഭിച്ചു. കടലൂർ, ലൈറ്റ് ഹൗസ്, വൻമുഖം സ്കൂൾ എന്നിവയെ സംബന്ധിച്ച ഓർമ്മകൾ, പഴയകാല പാട്ടുകൾ, കളികൾ എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പേപ്പർ ബാഗ് നിർമാണ പരിശീലനവും കുരുത്തോലകളരിയും സംഘടിപ്പിച്ചു. രവി നമ്പ്യേരി, റംല ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.

സംസാരത്തിനിടയിൽ തന്നെ കഞ്ഞിയും ചക്കപ്പുഴുക്കും വിതരണം ചെയ്തു. ചോറും, കല്ലുമ്മക്കായ കറി, മുരിങ്ങയിലയും ചക്കക്കുരുവും കറി, ചുട്ടരച്ച ചമ്മന്തി എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പഴയ കാല ഭക്ഷണ രീതിയും പരിചയപ്പെടുത്തിയായിരുന്നു ഉച്ച ഭക്ഷണവും വേദിയിൽത്തന്നെ വിതരണം.