സർക്കാർ സ്കൂളിൽ നിന്ന് പറന്നുയർന്നത് സ്റ്റാൻഫഡിലേക്ക്​, നിർമിത വജ്ര ഗവേഷണത്തിൽ യുഎസ് പേറ്റന്റ്; അഭിമാനമായി ചെങ്ങോട്ടുകാവ് സ്വദേശി രോഹിത് സോമൻ


കൊയിലാണ്ടി: നിർമിത വജ്ര ഗവേഷണത്തിൽ പേറ്റന്റുകൾ സ്വന്തമാക്കി കൊയിലാണ്ടിക്കാരൻ. ചെങ്ങോട്ടുകാവ് ദേവായനത്തിൽ രോഹിത് സോമനാണ് യുഎസ് പേറ്റന്റിന് അർഹനായത്. കൊയിലാണ്ടിയിലെയും പേരാമ്പ്രയിലെയും സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന രോഹിത് സോമന് ഗാലിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള ചിപ്പുകൾ വികസിപ്പിക്കുന്നതിൽ യുഎസിൽ രണ്ട് പേറ്റന്റുകളാണുള്ളത്. ഇന്ത്യയിൽ മൂന്ന് പേറ്റന്റുകളുമുണ്ട്.

ലാബ് ഗ്രോൺ ഡയമണ്ടിന്റെ (എൽജിഡി) ഉപയോഗങ്ങളെക്കുറിച്ച് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധർക്ക് ക്ലാസെടുക്കാൻ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എത്തിയതും രോഹിത്താണ്. ലബോറട്ടറിയിൽ നിർമിക്കുന്ന വജ്രത്തെക്കുറിച്ച് (ലാബ് ഗ്രോൺ ഡയമണ്ട്) ഗവേഷണം നടത്താൻ മദ്രാസ് ഐഐടിക്ക് ഇത്തവണ കേന്ദ്രബജറ്റിൽ 242 കോടി രൂപ അനുവദിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായാണ് രോഹിത് ഐ.ഐ.ടിയിലെത്തിയത്.

കോഴിക്കോട് എൻഐടിയിൽ ഇലക്ട്രോണിക്സ് ബിടെക്കും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ നിന്ന് നാനോ ഇലക്ട്രോണിക്സിൽ പിഎച്ച്ഡിയും രോഹൻ സ്വന്തമാക്കി. തുടർന്നാണ് 2019 ൽ സ്റ്റാൻഫഡിലേക്കു പറന്നത്.

നിലവിൽ സ്മാർട്ഫോണുകളിലും മറ്റും ഉപയോഗിക്കുന്നത് സിലിക്കൺ ചിപ്പുകളാണ്. എന്നാൽ, ഭാവിസാധ്യതയായ ഗാലിയം നൈട്രേറ്റ് ചിപ്പുകൾ വികസിപ്പിക്കുന്നതിലാണു രോഹിതിന്റെ വൈദഗ്ധ്യം. ചിപ്പിലെ താപനില നിയന്ത്രിച്ചു നിർത്താൻ വജ്രമാണ് ഏറ്റവും മികച്ച മാധ്യമമായി കാണുന്നത്. ഇതിനെക്കുറിച്ചാണ് രോഹിതിന്റെ സ്റ്റാൻഫഡിലെ ഗവേഷണം. ഇതിനാണ് നിർമിത വജ്രം ഉപയോഗിക്കുന്നത്.

കൊല്ലം സ്കൂളിൽ നിന്നു വിരമിച്ച അധ്യാപകൻ ചാലിൽ സോമന്റെയും വാണിജ്യനികുതി വകുപ്പിൽനിന്ന് അസി.കമ്മിഷണറായി വിരമിച്ച ഐ.ഗീതയുടെയും മകനാണ് രോഹിത്. ഭാര്യ പയ്യന്നൂർ കരിവള്ളൂർ സ്വദേശി രശ്മി സ്റ്റാൻഫഡിൽ ഒപ്റ്റിക്കൽ ഇൻട്രുമെന്റേഷനിൽ ഗവേഷണം നടത്തുന്നു.

Summary: Chengottukav native Rohit Soman got US patent on synthetic diamond research