വിളകളെല്ലാം നശിക്കുകയാണല്ലോ, ഇവയ്ക്കെന്തു പറ്റി? കർഷകർക്ക് കൂട്ടായി ഇനി അവരുണ്ടാകും; കാർഷിക വിളകൾക്ക് ആശുപത്രിയൊരുക്കി മൂടാടി പഞ്ചായത്ത്


മൂടാടി: വിളകളെല്ലാം നശിക്കുകയാണല്ലോ, ഇവയെക്കെന്തു പറ്റി തുടങ്ങിയ നിങ്ങളുട വിളയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാൻ മൂടാടിയിൽ ഇനി അവരുണ്ടാകും. കാർഷിക വിളകൾക്ക് രോഗബാധയേറ്റാൽ പരിശോധിക്കാൻ വിദഗ്ദരുടെ സേവനമൊരുക്കിയിരിക്കുകയാണ് പഞ്ചായത്ത്.

രോഗനിർണ്ണയത്തിന് സഹായിക്കാൻ ലബോറട്ടറി സൗകര്യം, സങ്കീർണ്ണമായ രോഗമാണെങ്കിൽ കാർഷിക സർവ്വകലാശാലയിലെയും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംവദിക്കാൻ ഓൺലൈൻ സംവിധാനം. രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ ആവശ്യമുള്ള മരുന്നുകൾ സൗജന്യം. ഇതാണ് മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതകൾ.

കാർഷിക വിളകൾക്കുണ്ടാകുന്ന രോഗബാധ, കീടബാധ, പോഷകക്കുറവ് എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് മൂടാടി പഞ്ചായത്തിലെ കർഷകർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന ഈ പദ്ധതി കാർഷിക മേഖലയിൽ പുത്തനുണർവ് നൽകുകയാണ്. പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എം.കെ.മോഹനൻ, ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺ അഖില. എം.പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ , കൃഷി വർക്കിങ് ഗ്രൂപ്പ് ചെയർമാൻ പപ്പൻ മൂടാടി, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് .എം, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.വി. ഗംഗാധരൻ, കാർഷിക കർമ്മ സേന സെക്രട്ടറി ഗംഗാധരൻ എം.വി., ദാമോദരൻ പൊറ്റക്കാട്ട്, രാമചന്ദ്രൻ കൊയ്ലോത്ത്, റഷീദ് ഇടത്തിൽ, കുഞ്ഞിക്കണാരൻ മീത്തലെ പാലയാടി , സതീശൻ ടി.കെ. എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ കെ.വി. നൗഷാദ് സ്വാഗതവും കൃഷി അസിസ്റ്റൻറ് വിജില വിജയൻ നന്ദിയും പറഞ്ഞു.

Summary: Mudadi panchayat has set up a hospital for agricultural crops