മൂരാട് പാലം ഇന്നും വൈകിട്ട് ആറ് മണിവരെ തുറന്നിടും


മൂരാട്: മൂരാട് പാലം ഇന്നും യാത്രികര്‍ക്കായി തുറന്നു നല്‍കും. വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക.

ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട് പുതിയ പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് പഴയ പാലം അടയ്ക്കാന്‍ തീരുമാനിച്ചത്. നവംബര്‍ 25 വരെയാണ് പാലം ഭാഗികമായി അടയ്ക്കുക. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.

യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിച്ചിട്ടുണ്ട്. ബാക്കി സമയങ്ങളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.

പാലം അടച്ചത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും ദിശാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാലം അടയ്ക്കുമ്പോള്‍ വാഹനങ്ങള്‍ പോകേണ്ട പകരം റോഡുകളും ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.