നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം
കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു.
2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49 കോടി രൂപയാണ് മൂടാടിയിൽ ചെലവഴിച്ചത്. 1,76061 തൊഴിൽ ദിനങ്ങളും അതിൽ തന്നെ 1245 പേർ നൂറ് തൊഴിൽ ദിനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂർത്തിയാക്കി. കാലിതൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, സോക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, തുടങ്ങിയവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച് നൽകിയിട്ടുണ്ട്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.എം.കോയ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മൊഹ്സിൻ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രെട്ടറി ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.