ആശ്വാസ വാർത്ത: അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി
വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രി മുതലാണ് അയനിക്കാട് സ്വദേശിയായ അയിമന്‍ മുസ്തഫ(17)നെ കാണാതായത്. മുസ്തഫയുടെ സൈക്കിളും പേഴ്സും തുറശ്ശേരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ സാഹചര്യത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ഇതുവഴി പോയ ചില സ്ത്രീകള്‍ പാലത്തിന് സമീപം കുട്ടിയെ കണ്ടിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ട കുട്ടിയെ സ്ത്രീകള്‍ തിരിച്ചുവരുമ്പോള്‍ കാണാനില്ലായിരുന്നു. ഇതാണ് കുട്ടി പുഴയില്‍ ചാടിയെന്ന് സംശയിക്കാന്‍ കാരണം.
പൊലീസും നാട്ടുകാരും ബന്ധുക്കളും ഇന്നലെ രാത്രിമുതല്‍ അയ്മന്‍ മുസ്തഫയെ അന്വേഷിക്കുന്നുണ്ട്. അതിനിടെയിലാണ് ഇന്ന് രാവിലെ പാലത്തില്‍ സൈക്കിളും പേഴ്സും കണ്ടെത്തിയത്. ഇതോടെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. സ്‌കൂബ ഡൈവര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘവും കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റെക്യൂ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.