കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ മോഷണം; ടെക്സ്റ്റൈൽസ് കടയില്‍ നിന്ന് മോഷണം പോയത് 43,000 രൂപയും വിലപ്പെട്ട രേഖകളും


കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. സിദ്ദീഖ് പള്ളിക്ക് സമീപമുള്ള റെഡിമെയ്ഡ് ടെക്സ്റ്റൈൽസ് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കട ഉടമയായ പെരുവട്ടൂര്‍ സ്വദേശി ഹാരിസിന്റെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്‌സും മേശയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയുമാണ് മോഷണം പോയത്.

വൈകീട്ട് നാല് മണിയോടെ താൻ നിസ്‌കരിക്കാനായി സമീപമുള്ള സിദ്ദീഖ് പള്ളിയില്‍ പോയപ്പോഴാണ് മോഷണം നടന്നത് എന്ന് ഹാരിസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പതിവായി പള്ളിയില്‍ പോകുമ്പോള്‍ കട അടയ്ക്കാറില്ല, പകരം കടയില്‍ ആളില്ലെന്ന സൂചന നല്‍കാനായി മുന്നില്‍ സ്റ്റൂള്‍ വയ്ക്കുകയാണ് പതിവ്.

പണമടങ്ങിയ പേഴ്‌സ് കടയിലെ മേശയുടെ ഡ്രോയില്‍ വച്ചാണ് ഹാരിസ് നിസ്‌കരിക്കാനായി പള്ളിയില്‍ പോയത്. തിരികെ വന്നപ്പോള്‍ കടയുടെ മുന്നില്‍ വച്ച സ്റ്റൂള്‍ സ്ഥാനം മാറിയതായാണ് കണ്ടത്. തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

43,000 രൂപയ്ക്ക് പുറമെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. 500 രൂപ കടയില്‍ വീണു കിടക്കുന്നുണ്ടായിരുന്നുവെന്നും ഹാരിസ് പറഞ്ഞു.

മോഷണത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്തുള്ള കടയിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതുവരെ പരിശോധിച്ച ദൃശ്യങ്ങളിൽ നിന്ന് സ്കൂൾ യൂനിഫോം ധരിച്ച വിദ്യാര്‍ത്ഥിയാണ് മോഷണം നടത്തിയത് എന്നാണ് സംശയിക്കുന്നത്.