ആശ്വാസവാർത്ത: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി


ചേമഞ്ചേരി: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അത്തോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്.

പഠനത്തില്‍ മിടുക്കനായ കുട്ടി രണ്ടു ദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകാതെ തന്നെ കാണാനില്ല എന്ന് മനസ്സിലാവുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

പിന്നീട് കുട്ടിയുടെ സൈക്കിള്‍ തിരുവങ്ങൂര്‍ റെയില്‍വേ ഗെയിറ്റിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. കുട്ടി സൈക്കിളെടുക്കാനെത്തിയപ്പോള്‍ റെയില്‍വേ ജീവനക്കാരാണ് കുട്ടിയെ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്നാണ് കുട്ടി വീട് വിട്ട് പോയതെന്ന് അത്തോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News: തിരുവങ്ങൂരിൽ നിന്ന് പതിനഞ്ച് വയസ്സുകാരനെ കാണാനില്ല; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ