”വാസ് കോ ഡ ഗാമ കാലുകുത്തിയത് കാപ്പാട് ബീച്ചിലല്ല കൊയിലാണ്ടിയില്‍” എന്നു പറഞ്ഞ ചരിത്രകാരന്‍; എം.ജി.എസ് അന്ന് പറഞ്ഞത്


Advertisement

കൊയിലാണ്ടി: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണന്‍ ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. ചരിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഒരുപാട് പരാമര്‍ശങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കൊയിലാണ്ടിയെ സംബന്ധിച്ച് ഏറ്റവുമധികം ഓര്‍മ്മയില്‍ വരുന്നത് വാസ്‌കോ ഡ ഗാമ കോഴിക്കോട് എത്തിയതുമായി ബന്ധപ്പെട്ട് എം.ജി.എസ് മുമ്പ് പറഞ്ഞ കാര്യങ്ങളാണ്.

1498 പോര്‍ച്ചുഗീസ് സഞ്ചാരി വാസ്‌കോ ഡ ഗാമ കോഴിക്കോട് കാപ്പാട് ബീച്ചില്‍ കാലുകുത്തിയെന്നത് കാലങ്ങളായി ചരിത്ര പുസ്തകങ്ങള്‍ നമുക്ക് പകര്‍ന്നു തന്ന പാഠമാണ്. എന്നാല്‍ ഇത് ശരിയല്ലയെന്ന് പറഞ്ഞ ചരിത്രകാരനാണ് എം.ജി.എസ് നാരായണന്‍. വാസ്‌കോ ഡ ഗാമ കോഴിക്കോട് ജില്ലയിലെ തന്നെ കൊയിലാണ്ടിയിലാണ് എത്തിയതെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചനയെന്നാണ് എം.ജി.എസ് പറഞ്ഞത്. 2017ല്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ റീ റീഡിങ് കേരള ഹിസ്റ്ററിയെന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കവയാണ് എം.ജി.എസ് ഇങ്ങനെ പറഞ്ഞത്. തുടര്‍ന്നും അദ്ദേഹം വാദം ആവര്‍ത്തിച്ചു. ഗാമയ്‌ക്കൊപ്പം കേരളത്തിലേക്ക് വന്ന ആളുകളുടെ വിവരങ്ങള്‍ പഠിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഇന്നത്തെ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് എം.ജി.എസ് പറഞ്ഞത്.

Advertisement

അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ: ‘ അന്നത്തെ പര്യവേഷകര്‍ പുതിയ പ്രദേശങ്ങളിലേക്ക് നേരിട്ട് ഇറങ്ങിയിരുന്നില്ല. അവിടുത്തെ പ്രദേശവാസികള്‍ ശത്രുതയോടെയാണോ അതോ സൗഹാര്‍ദ്ദപരമായാണോ പെരുമാറുകയെന്ന് അറിയില്ലല്ലോ. ജന്മനാട്ടില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കൂട്ടം ക്രിമിനലുകളെക്കൂടി പഴയകാല യൂറോപ്യന്‍ പര്യവേഷകര്‍ കൂടെക്കൂട്ടുമായിരുന്നു. നാവികരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായി പുതുതായി പ്രവേശിക്കുന്ന നാട്ടില്‍ ആദ്യ അയക്കുക ഈ ക്രിമിനലുകളെയാണ്. ഗാമയുടെ കപ്പല്‍ കാപ്പാട് തീരത്ത് നങ്കൂരമിട്ടപ്പോള്‍ പ്രദേശത്തെ ചില മത്സ്യത്തൊഴിലാളികള്‍ അവരെ സമീപിച്ചു. ഈ വാര്‍ത്ത ഭരണാധികാരിയായ സാമൂതിരിയെ അറിയിക്കുകയും ചെയ്തു. വാര്‍ത്ത അറിയുമ്പോള്‍ സാമൂതിരി പൊന്നാനിയിലായിരുന്നു. അദ്ദേഹം ഗാമയോട് പന്തലായനി കൊല്ലത്തെ ഹാര്‍ബറിലേക്ക് നീങ്ങാന്‍ പറഞ്ഞു. പഴയ കാല കൊയിലാണ്ടിയുടെ പേരായ പന്തലായനി കൊല്ലം എന്നതിനെ Fandarina എന്നാണ് പഴയ കാല യൂറോപ്യന്‍ ചരിത്ര പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ”

Advertisement
Advertisement