കോപ്പയിൽ വീണ്ടും മധുരം നുണഞ്ഞ് മെസ്സിപ്പട; അർജൻ്റീന കോപ്പ അമേരിക്ക ചാമ്പ്യൻമാർ


ഫ്ളോറിഡ: തുടർച്ചയായി രണ്ടാ തവണയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായി അർജൻ്റീന. നായകൻ ലയണൽ മെസ്സി പാതി വഴിയിൽ മടങ്ങിയിട്ടും അർജന്റീന തളർന്നില്ല. അവരുടെ മാലാഖ ഡി മരിയയ്ക്കായി അർജൻ്റീന പോരാടി നേടി. പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാർട്ടിനസ് ആണ് അർജൻ്റീനയ്ക്കായി വിജയ ഗോൾ നേടിയത്. നേരത്തേ മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയയാണ്. രണ്ടാം പകുതിയിലാണ് അർജൻ്റീന മുന്നേറ്റങ്ങൾക്ക് ജീവൻ വെച്ചത്. 65-ാം മിനിറ്റിൽ പരിക്കേറ്റതിനെത്തുടർന്ന് മെസ്സിയെ കളത്തിൽ നിന്ന് പിൻവലിച്ചു. നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടിൽ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അർജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്‌ചവെച്ചു. 75-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓക്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. എക്സ്ട്രാ ടൈമിൻ്റെ ആദ്യ പകുതിയും ഗോൾരഹിതമായിരുന്നു. എന്നാൽ 112-ാം മിനിറ്റിൽ അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാർട്ടിനസെത്തി. മൈതാനമധ്യത്ത് നിന്ന ഡീപോൾ നൽകിയ പന്ത് ലോ സെൽസോ സമയം പാഴാക്കാതെ ബോക്സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അർജൻ്റീന കോപ്പ കിരീടത്തിൽ മുത്തമിട്ടു.