പോക്കറ്റ് കാലിയാക്കി വിലക്കയറ്റം; എന്തെല്ലാമാകും കാരണങ്ങള്‍? കൊയിലാണ്ടിയിലെ വ്യാപാരികൾ പ്രതികരിക്കുന്നു


കൊയിലാണ്ടി: വര്‍ധിച്ച വിലക്കയറ്റം മധ്യവര്‍ഗത്തില്‍ പെട്ട ആളുകളുടെ വരെ പോക്കറ്റ് കാലിയാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വില വര്‍ധിക്കാത്ത ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ ഇന്ന് നമുക്ക് ലഭ്യമാകുമോ എന്ന് സംശയമാണ്. എന്തായിരിക്കും വിലക്കയറ്റത്തിന് കാരണം? ഒന്ന് പരിശോധിക്കാം.

പച്ചക്കറികളുടെ കാര്യം ആദ്യം പരിശോധിക്കാം. എന്തുകൊണ്ടാണ് പച്ചക്കറികളുടെ വില വര്‍ധിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ കൊയിലാണ്ടിയിലെ വ്യാപാരികള്‍ ഒന്നിലേറെ കാരണങ്ങളാണ് നമ്മളോട് പങ്കുവയ്ക്കുന്നത്.

ഡീസല്‍ വിലയിലെ അനിയന്ത്രിതമായ വര്‍ധനവാണ് പച്ചക്കറി വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഡീസല്‍വില വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പാദന സ്ഥലത്ത് നിന്ന് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് പച്ചക്കറികള്‍ എത്തിക്കാനുള്ള ചെലവ് കൂടുകയും അതനുസരിച്ച് പച്ചക്കറി വില കൂടുകയും ചെയ്യുന്നു.

മറ്റൊരു കാരണം മഴയാണ്. നമ്മള്‍ ഇപ്പോള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്ന കാലം തെറ്റിപ്പെയ്യുന്ന മഴ വെള്ളപ്പൊക്കമുണ്ടാക്കിക്കൊണ്ട് മാത്രമല്ല നമ്മളെ ബാധിക്കുക. കൃഷിനാശം ഉണ്ടാകുന്നത് വിലക്കയറ്റത്തിന് കാരണമാകും.

തക്കാളി ഉള്‍പ്പെടെയുള്ള ചിലതിന്റെ വില കൂടാന്‍ കൗതുകകരമായ മറ്റൊരു കാരണം കൂടി വ്യാപാരികള്‍ പറയുന്നു. ലഭ്യതക്കുറവാണ് അത്. കല്യാണങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വര്‍ധിച്ചതോടെ ആവശ്യം വര്‍ധിക്കുകയും അതനുസരിച്ചുള്ള പച്ചക്കറികള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുന്നതിന്റെ ആത്യന്തികമായ ഫലം വിലക്കയറ്റമാണ്. മുപ്പത് പെട്ടി തക്കാളികള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പതിനഞ്ച് പെട്ടിയില്‍ താഴെ തക്കാളി മാത്രമേ വരുന്നുള്ളൂ എന്നാണ് ഒരു വ്യാപാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

താരതമ്യേനെ വില കുറഞ്ഞ വസ്തുവാണ് കറിയുപ്പ്. അതിന് വരെ വില കൂടിയെന്നത് സാഹചര്യത്തിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നു. ഉപ്പിന് വില കൂടാന്‍ കാരണം മഴയാണെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

കനത്ത നികുതിയാണ് പാക്ക് ചെയ്ത് വരുന്ന ഭക്ഷ്യവസ്തുക്കളുടെയും പലചരക്ക് സാധനങ്ങളുടെയും വില വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്. ഇതുള്‍പ്പെടെയുള്ള വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.