‘പ്രിയംവദയും ഞാനും തമ്മിൽ’; വായനയുടെ വസന്തകാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊല്ലം സ്വദേശിനി ഷമീമ ഷഹനായി
ഷമീമ ഷഹനായി
രാമേശ്വരൻകണ്ടിയെന്ന ‘രാമേശംകണ്ടി’ എന്റെ അയൽപക്കമാണ്. ‘രാമേശംകണ്ടി’ പുതുക്കിപണിതപ്പോൾ പ്രിയംവദ എന്നായി ആ വീടിന്റെ പേര്. പ്രിയംവദയും എന്റെ വായനയും തമ്മിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു ബന്ധമുണ്ട്. ‘ആയ’ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രിയംവദയിലെ ഗോപാലൻമാഷ് എന്റെ വായനാവസന്തത്തിൽ തന്നത് പുസ്തകങ്ങളുടെ ഒരു പൂക്കാലമായിരുന്നു.
മാഷിന്റെ പുസ്തകശേഖരത്തിൽനിന്ന് ബുക്കെടുത്ത് വീട്ടിൽ കൊണ്ടുപോയി വായിക്കുക എന്നത് എനിക്കൊരു ഹരമായിരുന്നു.മാഷോട് ചോദിച്ചശേഷമാണ് പുസ്തകം എടുക്കുക.മാതൃഭൂമി ആഴ്ചപ്പതിപ്പാണ് അവിടെയുള്ള പുസ്തകങ്ങളിൽ മുഖ്യൻ. പുസ്തകം വായിച്ചുകഴിഞ്ഞാൽ പെട്ടെന്ന് കൊടുക്കുന്ന ശീലമില്ലായിരുന്നു എനിക്ക്. വായിച്ചുകഴിഞ്ഞ ചില ഭാഗങ്ങൾ പിന്നെയും വായിക്കാൻമാത്രമായി ഞാൻ ഇങ്ങനെയൊരു ദുശ്ശീലമുണ്ടാക്കി വച്ചിരുന്നു.
മറ്റൊരു ശീലം അതിന്റെ കവർപേജ് ഇളക്കിക്കളയലായിരുന്നു. പുസ്തകം തരുമ്പോൾ മാഷ് കർശനമായി പറയും പുസ്തകം വൃത്തിയോടെ വെക്കണമെന്ന്. പേജ് കീറിക്കളയരുതെന്നും പേനകൊണ്ട് വരഞ്ഞിടരുതെന്നും ഓർമിപ്പിക്കും. പക്ഷേ വീട്ടിൽ ബുക്കെത്തിക്കഴിഞ്ഞാൽ പുസ്തകത്തിന്റെ ഉടമ ഞാനായിരിക്കും. പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞാൽ പേനകൊണ്ട് കുത്തിവരയലും പേജ് മടക്കിച്ചുരുട്ടലുമൊക്കെ എനിക്കൊരു രസമായിരുന്നു. മാതൃഭൂമിയുടെ നടുവിലെ പേജ് പൊക്കലും എന്റെ ‘വിശേഷ’സ്വഭാവത്തിൽപ്പെട്ടതായിരുന്നു.
എല്ലാ പേക്കൂത്തും കഴിഞ്ഞ് ഒരു വലിയ ഔദാര്യംപോലെ ബുക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിക്കും. മാഷ് വീട്ടിലില്ലാത്ത നേരംനോക്കി വായിക്കാനെടുത്ത പുസ്തകം മാഷിന്റെ പുസ്തകശേഖരത്തിൽ നിക്ഷേപിച്ചു ഒന്നും സംഭവിച്ചില്ല എന്നമട്ടിൽ ഞാൻ മടങ്ങും. അന്നേരം മാഷിന്റെ ഭാര്യ ലീലേട്ത്തിയുണ്ടാകും വീട്ടിൽ. എന്റെ കൈയിൽ ബുക്ക് കാണുമ്പോൾതന്നെ ലീലേട്ത്തിക്ക് അറിയാം വാങ്ങിയ പുസ്തകം തിരിച്ചുവയ്ക്കാൻ വന്നതാണെന്ന്. പലപ്രാവശ്യം പുസ്തകത്തിന്മേലുള്ള ആക്രമണം ആവർത്തിച്ചപ്പോൾ മാഷ് എന്നെ പിടിച്ചു.
‘ഷെമി പുസ്തകം വായിക്കാനെടുത്താൽ വൃത്തിയായി സൂക്ഷിക്കില്ല.. കവർചിത്രം മുഴുവൻ ഇളകിയാണുള്ളത്.. ഞാൻ പലരിൽനിന്നും വാങ്ങുന്ന പുസ്തകങ്ങളുണ്ട് അക്കൂട്ടത്തിൽ.. ഇങ്ങനെയായാൽ എങ്ങനെയാ ഞാൻ ഷമിക്ക് പുസ്തകം വായിക്കാൻ തരിക?’
മാഷത് പറയുമ്പോൾ മാഷിന്റെ മുഖത്ത് നോക്കാതെ പാവത്തിനെപ്പോലെ ഞാൻ നിന്നു. (സത്യത്തിൽ കാണുന്നവർക്ക് ഞാനൊരു പാവമായിരുന്നു)
ഇനി മാഷോട് പുസ്തകം വാങ്ങരുതെന്ന് തീരുമാനിച്ചാണ് അന്ന് ഞാൻ വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ പുസ്തകം വായിക്കാൻ കഴിയാതെ ഞാൻ പൊറുതിമുട്ടി. പക്ഷേ എന്തുചെയ്യാൻ. എനിക്കിഷ്ടമുള്ള പുസ്തകമൊന്നും വീട്ടിലില്ലല്ലോ. പുസ്തകങ്ങൾക്ക് ദാരിദ്ര്യമുള്ള വീടാണ് എന്റെ വീട്. രണ്ടുമൂന്ന് പുസ്തകമുള്ളത് വായിച്ചു വായിച്ചു ഒരു പരുവമായിക്കഴിഞ്ഞിരിക്കുന്നു.
ഇനിയെന്തുചെയ്യും എന്ന ചിന്തയിൽ ഞാൻ കുന്തിച്ചിരുന്നു. എന്റെ കണ്ണിൽ പ്രിയംവദയിലെ പുസ്തകക്കൂമ്പാരം ഇരമ്പിക്കൊണ്ടിരുന്നു. ഒടുവിൽ വല്ലാതെ വീർപ്പുമുട്ടിയപ്പോൾ മാഷില്ലെന്ന് ഉറപ്പുവരുത്തി മെല്ലെ ഞാൻ പ്രിയംവദയിലേക്ക് പോയി. ലീലേട്ത്തിയെ സോപ്പിട്ട് പുസ്തകം വാങ്ങാമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ.
ലീലേട്ത്തി ഒരു സംസാരപ്രിയയായിരുന്നു. കുട്ടികളെ വളരെ ഇഷ്ടം. എല്ലാവർക്കും ഊർജ്ജം കൊടുക്കുന്ന സ്വഭാവം. മനോഹരമായ ചിരി. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും സംസാരിക്കുന്ന ലീലേട്ത്തിയോട് സംസാരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഞാൻ പാവംകുട്ടിയായി ലീലേട്ത്തിയുടെ അടുത്തിരുന്നു.കുറെ സംസാരിച്ചു ഞാൻ കാര്യത്തിലേക്ക് കടന്നു.
Also Read: ‘ആരാ ഷമീമ? ഷമീമ കൈ പൊക്കണം, ഷമിക്കുട്ടി സ്ലെയ്റ്റിൽ എഴുതിയതുപോലെ ബോർഡിൽ ഒന്ന് എഴുതിയെ..’ ഒന്നാംക്ലാസിലെ കേട്ടഴുത്തിന്റെ ഓർമ്മ പങ്കുവെച്ച് കൊല്ലം സ്വദേശിനി
‘ലീലേടുത്തി.. ഇനിക്ക് കൊറച്ചു പുസ്തകം വേണം.. വീട്ടിൽ കൊണ്ടോയി വായിച്ചു മടക്കിത്തരാ..’
അതുകേട്ടപ്പോൾ ഉള്ളിൽ ഊറിവന്ന ചിരിയടക്കി ലീലേട്ത്തി ചോദിച്ചു.
‘ഷമിക്ക് ഏത് ബുക്കാ വേണ്ട്യേ.. ഷമി പോയി നോക്കിയെടുത്തോ..’
‘വായിച്ചിട്ട് ചീത്തയാക്കാതെ അവിടെത്തന്നെ വെച്ചാൽ മതി.. ട്ടോ..’ ലീലേടുത്തി തൊട്ടരികിൽനിന്ന് പറഞ്ഞു.
‘ഷമിക്ക് ബുക്ക് കൊടുത്താൽ ചീത്തയാക്കിയേ ബുക്ക് തിരിച്ചു വെക്കൂ..ഇനി ഷമിക്ക് പഴയ വാരികകൾ മാത്രം കൊടുത്താൽ മതി..’
പെട്ടെന്ന് കയറിവന്ന മാഷിന്റെ സംസാരം കേട്ട് ഞെട്ടിത്തിരിഞ്ഞ എന്റെ തൊണ്ട വറ്റി. കണ്ണീർ പൊടിഞ്ഞു.ഇനി രക്ഷയില്ല എന്ന ചിന്തയോടെ ഞാൻ അവിടെനിന്നും മെല്ലെ ഇറങ്ങാൻ നോക്കി. ഇറങ്ങാൻനേരം ആയ അറിയാതെ ലീലേട്ത്തി എന്റെ മനസ്സറിഞ്ഞു കുറെ പുസ്തകങ്ങൾ കൈയിൽ തന്നു. എനിക്കന്നേരം ലീലേട്ത്തിയെ കെട്ടിപ്പിടിച്ചുമ്മവയ്ക്കാൻ തോന്നി. ഈ ലീലേട്ത്തി എന്തുനല്ല ലീലേട്ത്തിയാണ്. ഞാൻ പുസ്തകത്താളുകൾ മറിച്ചുനോക്കേ വിചാരിച്ചു.
‘ആയ പറഞ്ഞത് സാരാക്കണ്ടാ ഷമിയെ..നീ ബുക്ക് കൊണ്ടുപൊയ്ക്കോ..വായിച്ചു വേഗമിങ്ങുതന്നാൽ മതി..ആയ തപ്പിനടക്കും..’
അതു കേട്ടപ്പോൾ ഞാൻ കിട്ടിയ പുസ്തകംകൊണ്ട് ശരംവിട്ടപോലെ ഓടി. എനിക്കായി മാറ്റിവെച്ച വീട്ടുജോലികൾ ചടപടാന്ന് തീർത്തു പുസ്തകം വായിക്കാൻ തുടങ്ങി. അല്ലെങ്കിൽ വീട്ടിൽനിന്ന് പൊരിഞ്ഞ ശകാരം കേൾക്കേണ്ടിവരും. പുസ്തകം വായിച്ചുകഴിഞ്ഞില്ലെങ്കിലും രണ്ടു ദിവസംകൊണ്ട് ഒരു കേടും വരുത്താതെ ലീലേട്ത്തിക്കുതന്നെ പുസ്തകങ്ങൾ കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചു. അല്ലെങ്കിൽ ഞാനറിയാതെ എന്റെ ശീലങ്ങൾ അതിൽ പ്രയോഗിച്ചുപോകുമല്ലോ.വേഗത്തിൽ പുസ്തകങ്ങൾ തിരിച്ചുകൊടുക്കാൻ തുടങ്ങിയപ്പോൾ എന്നോടുതന്നെ വേണ്ടപുസ്തകം തിരഞ്ഞെടുക്കാൻ പറഞ്ഞു ലീലേടുത്തി.
എന്റെ വായന ‘പ്രതിസന്ധികൾ’ അതിജീവിച്ചങ്ങനെ ഒരുവിധത്തിൽ തളിർത്തു. ഒട്ടേറെ പൂക്കൾ കൊഴിഞ്ഞു.പുൽകൊടികൾ കിളിർത്തു. എന്റെ ചിന്തയിലും പുതുനാമ്പുകൾ പച്ചപിടിച്ചു. ഇതിനിടയിൽ എന്റെ ശീലങ്ങൾ മാറിക്കൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഞാൻ നല്ല കുട്ടിയായി. പിന്നെ മാഷുള്ളപ്പോൾ പുസ്തകം വാങ്ങാമെന്നായി. ഞാൻ നല്ല കുട്ടിയായി എന്ന് മാഷ്ക്കും മനസ്സിലായി.അതുകൊണ്ടാണല്ലോ മാഷ് പുസ്തകം ഇങ്ങോട്ട് തരാൻ തുടങ്ങിയത്.
പിന്നീടിങ്ങോട്ട് യഥേഷ്ടം പുസ്തകങ്ങൾ ആയയുടെ വക കിട്ടിക്കൊണ്ടിരുന്നു. മഹാഭാരതയുദ്ധങ്ങളും ശ്രീകൃഷ്ണകഥകളും മുഹമ്മദ് നബിയുടെ ചരിത്രമൊക്കെ പറയുന്ന ബുക്കുകളും ആ കൂട്ടത്തിലുണ്ട്. മാഷ് വായിക്കാൻ തന്ന വിശുദ്ധഖുർആൻ പരിഭാഷ തിരിച്ചുവാങ്ങിയതുമില്ല. അതിന്നും എന്റെ കൈയിലുണ്ട്.
മാതൃഭൂമിയുടെയും മനോരമയുടെയും കനപ്പെട്ട വാർഷികപ്പതിപ്പുകൾ പലതും ഒന്നിച്ചു വായിക്കാൻ തരുമായിരുന്നു മാഷ്. എന്തെന്നില്ലാത്ത ആനന്ദമായിരുന്നു എനിക്കന്നേരം അനുഭവപ്പെട്ടിരുന്നത്. ഇത്തരം ബുക്കുകൾ ഞാൻ ആദ്യമായി സ്പർശിച്ചതുപോലും പ്രിയംവദ എന്ന വീട്ടിൽവച്ചായിരുന്നു.
മാഷ് എഴുതിയ പുസ്തകങ്ങളാണ് ആത്മരോദനവും സ്നേഹജ്യോതിസ്സുകളും.ആ പുസ്തകങ്ങൾ പുസ്തകക്കൂമ്പാരം അടുക്കിവച്ച ചുവരിന്റെ ഓരത്ത് ആദരവോടെ വച്ചത് അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു.
പ്രിയംവദ എന്ന വീടും എന്റെ വീടും തമ്മിൽ പല ബന്ധവുമുണ്ട്. ലീലേട്ത്തിക്ക് മാത്രമല്ല ആയക്കും കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ ഓടുമ്പോൾ കറങ്ങുന്ന ഓലപ്പങ്കയും തട്ടിക്കളിക്കുന്ന ഓലപ്പന്തുമൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.
‘ആയ ‘ചോയ്യാട്ടിൽ ഗോപാലൻ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. നാട്ടിലെ സാമൂഹികസാംസ്കാരിക വേദികളിലെയും സദസ്സുകളിലെയും നിറസാന്നിധ്യമായിരുന്നു ചോയ്യാട്ടിൽ ഗോപാലൻ എന്ന ഞങ്ങളുടെ ആയ. വാർദ്ധക്യസഹജമായ രോഗങ്ങൾ പിടിപെട്ടത്തോടെ ആയ ഇന്ന് പ്രവർത്തനമേഖലയിൽ സജീവമല്ല.
എന്റെ വീട്ടിലെ എല്ലാ സുഖദുഃഖങ്ങളിലും പങ്കുചേർന്നിരുന്ന ആയയും ലീലേട്ത്തിയും തമ്മിലുള്ള ബന്ധം വാക്കിലൊതുങ്ങാത്തതാണ്. എങ്കിലും ഈ വായനാദിനങ്ങളിൽ പ്രിയംവദ എന്ന വീടും എന്റെ വായനയും തമ്മിലുള്ള ബന്ധം പ്രത്യേകം ഓർത്തുപോകുന്നു. ആ ഓർമകളിൽ ഉള്ളം വിതുമ്പുന്നു. ഓർമകൾ ബാക്കിയായി കടന്നുപോയ ലീലേട്ത്തിയെ ഓർക്കുമ്പോൾ പ്രത്യേകിച്ചും.