‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു


ഷമീമ ഷഹനായി

യിരത്തിത്തൊള്ളായിരത്തി എഴുപതുകളിലായിരുന്നു എന്റെ ബാല്യം. വിമാനവും ബോംബെബസും അന്നെനിക്ക് പ്രതീക്ഷകളുടെ പ്രതീകങ്ങളായിരുന്നു.

ഓരോ വിമാനമിരമ്പലിലും മിഴിരണ്ടും ആകാശത്തേക്ക് തുറിച്ചുനടും. അതിനുള്ളിൽ ബാപ്പയുണ്ടാകും. ഞാൻ നോക്കുമ്പോൾ ബാപ്പ റ്റാറ്റാ പറയും. എന്റെ മനസ്സിലപ്പോൾ ബാപ്പാന്റെ സ്നേഹഭാവങ്ങൾ മിന്നും.

വിമാനം കണ്ടിടത്തൊന്നും നിർത്തൂലാന്ന് ഉമ്മ പറയാറുണ്ട്. അതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റോപ്പുണ്ട്. അതിൽനിന്ന് ചാടിയിറങ്ങി നേരെ ബോംബെബസ്സിൽ കയറിയാണ് ബാപ്പ വരിക.

ബോംബെ ബസ്സ് കൊല്ലത്ത് നിർത്തുമ്പോൾ പെട്ടി തലയിൽ വയ്ക്കാൻ കുറെ ആളുകൾ ഞാൻമുന്നേ ഞാൻമുന്നേ എന്ന ഭാവത്തിൽ ചുറ്റും കൂടും.അവരിലൊരാൾ പെട്ടി തലയിലേറ്റിവരുന്ന ഒരു വരവുണ്ട്. അതൊരു ഒന്നൊന്നര വരവാണ്. മുന്നിൽ ബാപ്പയുണ്ടാകും. കഴുത്ത്‌ പൊക്കിപ്പിടിച്ച് നടുവ് നിവർത്തി..

കത്തെഴുതിക്കത്തെഴുതി ബാപ്പാനെ നാട്ടിൽ വരുത്തിയല്ലോയെന്ന ഗമയിലാണ് നാലുകൊല്ലം മുമ്പ് പോയ ബാപ്പാനെ ഉമ്മവയ്ക്കാൻ ഞാൻ കാത്തുനിൽക്കുക. ഞാൻ ഉമ്മവയ്ക്കുംമുന്നേ ബാപ്പ എന്നെ ഉമ്മവയ്ക്കും. അന്നേരം ജന്നാത്തുൽഫിർദൗസിന്റെയും മുന്തിയ സിഗരറ്റിന്റെയും ഗന്ധം എന്നെ വീർപ്പുമുട്ടിക്കും.

ആ വീർപ്പുമുട്ടൽ മെരുങ്ങിവരുമ്പോൾ അടുത്ത വീർപ്പുമുട്ടൽ പെട്ടി കാണുമ്പോഴാണ്. അത് തുറക്കുംവരെ പേരുപറയാൻ പറ്റാത്ത ഒരവസ്ഥയിലാകും ഞാൻ.ബാപ്പാനെ ചുറ്റിപ്പറ്റി ബാപ്പാന്റെ ഓരോ വാക്കും കാതോർത്ത്.

പക്ഷേ ബാപ്പ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് മുട്ടൻ ഒരുറക്കത്തിലേക്ക് പോകും. ബാപ്പ ഉണരുംവരെയുള്ള നേരങ്ങളിൽ ഞാൻ കടുത്ത നിരാശയിലാകും. ഒടുവിൽ എന്റെ മനസ്സ് തുള്ളിച്ചാടും. ബാപ്പ ഉണർന്നു.ബാപ്പ പെട്ടിതുറക്കാൻ പോകുന്നു.

‘ന്റെ റബ്ബേ.. എന്തൊക്കെ അതൃപ്പങ്ങളാകും പെട്ടിക്കകത്തുണ്ടാക്വ..’

ഒടുവിൽ അക്ഷമയുടെ നിമിഷങ്ങൾക്കുശേഷം ബാപ്പ പെട്ടി തുറക്കുകയായി. എന്നെ അമ്പരപ്പിക്കുന്ന ഗൾഫ് മണങ്ങൾ വീശുന്ന ലൊട്ടുലൊടുക്കുകളായ കളിസാധനങ്ങൾ ആകാംക്ഷ ഒടുക്കിക്കൊണ്ട് എന്നോട് കണ്ണിറുക്കി പുറത്തേക്ക് ഒഴുകിത്തുടങ്ങും.

പെട്ടിതുറക്കുമ്പോൾ കണ്ണ് കൂർപ്പിച്ചു നിൽക്കുന്നവരുടെ കൈകളിലേക്ക് ഉടയാടകളിൽ ചിലത് മാറി മറിയും. അറബിപ്പെണ്ണുങ്ങൾ ഇടുന്ന മാതിരി ചില ഉടയാടകൾ അത്തറിന്റെ പരിമളം പരത്തി ബാപ്പാന്റെ കൈയിൽ കിടന്ന് കൊഞ്ചിക്കുഴയും.
അന്നേരം ഉമ്മ ചോദിക്കും:

‘അല്ലാന്ന് ഇങ്ങളെന്തിനാ ഇമ്മാതിരി അറബിച്ച്യേളിടുന്ന കുപ്പായം കൊണ്ടേരുന്നേ.. ഇങ്ങക്ക് അപ്പയ്ശകൊണ്ട് പൊന്നങ്ങാനും മാങ്ങ്യാ പോരേയ്നോന്ന്.. അല്ലെങ്കില് സാരി തന്നെ മാങ്ങിക്കൂടെയ്നോ..’

ഉമ്മാന്റെ ഈ വർത്താനം കേൾക്കുമ്പോൾ ബാപ്പാന്റെ മുഖത്ത് നിരാശ പടരും.
അത് കാണുമ്പോൾ എനിക്ക് കിട്ടിയ സാധനത്തിലെ ചിലതിൽ അതൃപ്തി പ്രകടിപ്പിക്കാൻ കാത്തുനിന്ന ഞാൻ സന്തോഷം പ്രകടിപ്പിച്ച് അടുത്ത സാധനം കാണാൻ വട്ടംചുറ്റും.

എല്ലാം കഴിഞ്ഞു പെട്ടി ശൂന്യമാകുമ്പോൾ ഞാൻ ബാപ്പാനോട് ചോദിക്കും :’ബാപ്പാ.. ഇതേയുള്ളൂ.. ഇനിയൊന്നൂല്യേ.. ആ മറ്റേ പെട്ടിയിലെന്താ ബാപ്പാ..’

ഞാൻ അടുത്ത പെട്ടിക്കടുത്തേക്ക് നീങ്ങുമ്പോൾ ബാപ്പ പറയും. ‘ആ..നിക്ക് നിക്ക്..അത് ബാപ്പാന്റെ പാന്റും കുപ്പായോമാ.. അയില് തിരുമ്പാനുള്ളതാ..പോകുമ്പോ ഇടാനത് മാണം..’

‘ഇന്നാ തൊറക്ക്.. ഞാങ്കാണട്ടെ ബാപ്പാ..പുത്യ കുപ്പായം ണ്ടോന്ന് നോക്കട്ടെ..’

ഒടുവിൽ ആ പെട്ടിയും തുറക്കും. അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും.

ഏറ്റവും ആദരവോടെയാണ് ഉമ്മ ആ വസ്ത്രങ്ങൾ അലക്കാൻ എടുക്കുക. പെട്ടിതുറക്കൽ കഴിഞ്ഞാൽ ഉമ്മാന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലിയും അതുതന്നെയാണ്.

നാട്ടിലുള്ള രണ്ടുമൂന്നു മാസംകൊണ്ട് ബാപ്പ കൊയിലാണ്ടിയും കൊല്ലവും മുഴുവൻ പഠിക്കും.

‘എടോ..ഞമ്മളെ ചായപ്പീട്യയിലെ രാരിച്ചൻ മരിച്ചുപോയി..ല്ലേ.. നീയ് കത്തില് അമ്പിവരം ബെച്ചില്ലാലോ..’

‘എടോ..ഞമ്മളെ കൊയിലാണ്ടി ബസ്റ്റാന്റ് മാറ്റാൻ പോകുന്നുണ്ട്..ല്ലെ.. ഹത് നന്നായി..’ ഉമ്മയോട് ബാപ്പ പറയുന്ന ചില നാട്ടുവർത്താനങ്ങൾ.

‘എടോ..ഞമ്മളെ കൊയിലാണ്ടി കോടതിയിലെ മരം മുറിച്ച്യാളിഞ്ഞി..ല്ലേ..അങ്ങോട്ട് നോക്കുമ്പോ എന്തോ മാതിരി പോലെ..’
ഒരു ദിവസം ബാപ്പ വലിയ വ്യസനത്തോടെ പറഞ്ഞു.

‘ആ..മുറിഞ്ഞു ആളുകളെ മേത്തു വീകുംന്ന് പറഞ്ഞു മുറിച്ച്യാളിഞ്ഞതാ പോലെ..ഇപ്പം ആടെ നല്ല വെളിച്ചണ്ട്..’

ഉമ്മ ബാപ്പാനെ സമാധാനിപ്പിച്ചപ്പോൾ ബാപ്പ ചിന്തയിലാണ്ടുകിടന്നു. എന്തായിരിക്കും അന്നേരം ആ മനസ്സിലുണ്ടായിരുന്നത്. മണൽകാറ്റ് ആഞ്ഞുവീശുന്ന മരുഭൂമിയോ. ഒരു പക്ഷേ ആ മനസ്സ് മരുഭൂമിയിൽ കിടന്നു നാടിന്റെ പച്ചപ്പിനെ അത്രമേൽ പുൽകിയിട്ടുണ്ടാകും.

ആയിടെ ഒരിക്കൽ ബാപ്പ ഉമ്മാനോട് ഒരു വിശേഷവാർത്ത പറഞ്ഞു. ഞാനന്ന് ആറാം ക്ലാസ്സിൽ പഠിക്കുന്നു.

‘എടോ.. ഒരു സാധനം ഇവിടെ എറങ്ങാൻ പോക്ന്ന്.. ഒരു പെട്ടിപോലെത്തെ സാധനം.. ടെലിവിഷൻന്നാ പോലൊ അയ്‌ന്റെ പേര്.. അയിൽക്കൂടി ആളുകൾ പറയുന്നത് കാണാം.. ഞമ്മളിപ്പോ ടേപ്പില് എല്ലം കേൾക്ക്വല്ലേ ഉള്ളൂ.. ഇതങ്ങനെയല്ല..കേൾക്കുന്നതൊക്കെ കാണാം..’

ഇതുകേട്ട മാത്രയിൽ ഞാൻ ചാടി ബാപ്പാന്റെ മടിയിലിരുന്നു.

‘ഉള്ളതാണോ ബാപ്പാ..ബാപ്പ ഇന്നിട്ടെന്താ അത് കൊണ്ടേരാതിരുന്നേ..ബാപ്പാ.. അതെങ്ങനെ നടക്കും ബാപ്പാ..സ്കൂളിൽന്ന് ഒരു മാഷും ഇങ്ങനെ ഒരു പെട്ടിയെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല..ഹും..ഈ ബാപ്പ കള്ളത്ത്രം പറയാ.. ഹിഹി..’ഞാൻ ബാപ്പാനെ അന്നേരം കണക്കിന് കളിയാക്കി.

അക്കൊല്ലം ബാപ്പ എന്നെ ആദ്യമായി കോഴിക്കോട് കാണിച്ചുതന്നു.ടൗണിൽവച്ച് ഞാൻ മുടിയുള്ള പാവക്കുട്ടിയെ വേണമെന്ന് പറഞ്ഞു കരഞ്ഞു. രണ്ടു ഷോപ്പിൽ കയറി നോക്കിയിട്ടും ഞാൻ മനസ്സിൽ കരുതിയ മുടിയുള്ള പാവക്കുട്ടിയെ കിട്ടിയില്ല. ഒടുവിൽ ബാപ്പ സൂത്രമൊപ്പിച്ചു പറഞ്ഞു.

‘ബാ.. പോര്..നേരം പോയാ ബസങ്ങു പോകും..ഞമ്മക്ക് കൊയിലാണ്ടീല് നോക്കാം..കോഴിക്കോട് നന്നില്ല.. കൊയിലാണ്ടിതന്നെ നല്ലത്..’

അത് വിശ്വസിച്ച ഞാൻ കരച്ചിൽ നിർത്തി.പക്ഷേ കൊയിലാണ്ടിയിലും ഒറിജിനൽ മുടിയുള്ള പാവക്കുട്ടിയെ കിട്ടിയില്ല.

ഞാൻ ഇടയ്ക്കിടെ മുടിയുള്ള പാവക്കുട്ടിയെചോദിച്ചു കരഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ബാപ്പാന്റെ ലീവ് കഴിഞ്ഞു. ബാപ്പ കുവൈറ്റിൽ തിരിച്ചുപോയി.

പോയ ഉടനെവന്ന കത്തിൽ ബാപ്പ എഴുതിയത് ‘മോക്ക് ബാപ്പ നല്ല മൊഞ്ചുള്ള മുടിയുള്ള ബൊമ്മക്കുട്ടിയെ വാങ്ങിവെച്ചിട്ടുണ്ട്’ എന്നായിരുന്നു. എന്നാൽ നാട്ടിൽ വന്നപ്പോൾ പറ്റിച്ച ബാപ്പയല്ലേയെന്ന് ഞാനതിനെ തള്ളിക്കളഞ്ഞു. പിന്നെ ഞാനത് മറക്കുകയും ചെയ്തു.

ഏഴാം ക്ലാസിലെത്തിയപ്പോൾ ഒരിക്കൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അനന്തൻമാഷ് പറഞ്ഞു: ‘ഇനി നമുക്ക് വീട്ടിലിരുന്ന്
കാലിന്മേൽ കാലെടുത്തുവെച്ച് സിനിമ കാണാം.. അങ്ങനെയുള്ള ഉപകരണം അമേരിക്കയിലും ഗൾഫ് നാടുകളിലും എത്തി.. അടുത്തുതന്നെ നമ്മുടെ നാട്ടിലും അതെത്തും.. ആരെങ്കിലും അങ്ങനെയൊരു സാധനത്തെപ്പറ്റി കേട്ടിട്ടുണ്ടോ.. ഉണ്ടെങ്കിൽ എഴുന്നേറ്റു നിൽക്കുക..’

പെട്ടെന്ന് ഞാൻ എഴുന്നേറ്റു നിന്നു. എല്ലാവരും എന്നെ നോക്കുന്നു. ഞാൻ ഇത്തിരി അഭിമാനത്തോടെ തല ഉയർത്തിനിന്നു.

‘ആഹാ..ഷെമി എങ്ങനെ അറിഞ്ഞു ഇതിനെപറ്റി? ആര് പറഞ്ഞുതന്നു? പേര് പറയാമോ ഷെമിക്ക് അതിന്റെ?’

‘ബാപ്പ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ഇതിനെ പറ്റി.. ടെലിവിഷൻന്നല്ലേ സാർ അതിന്റ പേര്..’

‘ആഹാ..കറക്റ്റ്..മിടുക്കി..’

അപ്പോൾ ബാപ്പാനെ പരിഹസിച്ച അതേ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു.

കാലം കഴിഞ്ഞുപോകവേ ഞാൻ പത്താം ക്ലാസിലെത്തി. നാലുവർഷം കഴിഞ്ഞു ബാപ്പ വീണ്ടും വന്നു. ഞാൻ വാതിലിന് തൂക്കിയ കർട്ടന് പിന്നിൽ മറഞ്ഞുനിന്ന് ബാപ്പാനെ കൗതുകത്തോടെ നോക്കി. ബാപ്പ എന്നെ ഇങ്ങോട്ട് വാ മോളെ എന്ന് വിളിച്ചു. എന്നെ ഉമ്മവച്ച് എന്നോട് ഒരു തരം താളത്തിൽ പറഞ്ഞു:

‘മോക്ക് ബാപ്പ ഒരു സാധനം കൊണ്ടോന്നുക്കല്ലോ.. ങാ ങാ.. ബാപ്പ ഇപ്പൊ പറയൂലാലോ..’
ഞാനപ്പോൾ ധൃതിപിടിക്കാതെ പെട്ടിതുറന്നാൽ കാണാലോന്ന് കരുതി. വൈകുന്നേരം അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഉമ്മ വിളിച്ചു പറഞ്ഞു ബാപ്പ പെട്ടി തുറക്കാൻ എല്ലാരേയും വിളിക്കുന്നുവെന്ന്.

അതുകേട്ട് ഞാൻ പെട്ടിയുടെ അടുത്തെത്തി. ബാപ്പ പെട്ടി തുറന്നു ഏറ്റവും മുകളിൽ സ്ഥാപിച്ച ഒരു വലിയ പാവക്കുട്ടിയെ എടുത്തുതന്നു.

‘ഇതാ മോൾക്ക്‌ ബാപ്പ കൊണ്ടോന്ന സമ്മാനം..പിടി..’

പാവക്കുട്ടിയെ കളിപ്പിക്കേണ്ട പ്രായം കഴിഞ്ഞെങ്കിലും കണ്ണും മനസ്സും നിറച്ചാണ് ഞാനത് വാങ്ങിയത്.

എന്തുകൊണ്ടെന്നാൽ കഴിഞ്ഞ നാലുവർഷമായി ബാപ്പാന്റെ കാതിൽ മുടിയുള്ള പാവയ്ക്കുവേണ്ടിയുള്ള എന്റെ നിലവിളിയായിരുന്നു.


കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതിയ ഈ കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


പ്രവാസിയുടെ കൊയിലാണ്ടി എന്ന പംക്തിയിലേക്ക് നിങ്ങൾക്കും അനുഭവങ്ങൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.