കരിവിശ്ശേരിയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതിക്ക് പത്തു വർഷം കഠിനതടവ്


കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കൊല്ലാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്ബ് കൃഷണ കൃപയില്‍ മുകേഷിനെ കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ. അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ പരാതിക്കാരിക്കാണ് നൽകേണ്ടത്.

2018 മെയ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാര്‍ത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടില്‍ നിന്ന് നടക്കാവിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് സ്കൂട്ടറില്‍ പോകുമ്പോൾ വീടിന്റെ സമീപത്തുള്ള റോഡില്‍ വെച്ച്‌ പ്രതി വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പികയും ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി പിന്നീട് 2018 ജൂലൈ അഞ്ചിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.