യുവതിയെ കാണാതായ വിവരം പങ്കുവെച്ച് എഫ്.ബി പോസ്റ്റ്, മൃതദേഹം കണ്ടെത്തിയത് പോസ്റ്റിട്ടയാളുടെ വീട്ടില്‍ നിന്ന്; യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.
തുവ്വൂരിലെ പള്ളിപ്പറമ്പ് മാങ്കുത്ത് സുജിതയുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. സുജിത കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താല്‍ക്കാലിക ജീവനക്കാരിയുമാണ്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി വിഷ്ണു പൊലീസിന്റെ കസ്റ്റഡിയിലാണ്. യുവതിയെ കാണാതായ വിവരം ഫെയ്‌സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.
വിഷ്ണു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചശേഷമേ സുജിതയുടേതാണെന്ന് ഉറപ്പിക്കാനാവൂ. സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം ആഹ്ലാദപ്രകടനം നടക്കുമ്പോള്‍ സുജിതയുണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനില്‍ നിന്ന് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നനില്ല. ആഗസ്റ്റ് 11 മുതലാണ് സുജിതയെ കാണാതാകുന്നത്.