ബാധിച്ചത് ഗുരുതരമായ കരള്‍ രോഗവും ക്യാന്‍സറും; കൊല്ലത്തെ സുധീര്‍ദാസിന് വേണം നമ്മുടെ കൈത്താങ്ങ്


കൊയിലാണ്ടി: കൊല്ലം സ്വദേശിയായ എം.എ.സുധീര്‍ദാസിന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ നമ്മുടെ സഹായം വേണം. ഗുരുതരമായ കരള്‍രോഗവും ക്യാന്‍സറും ബാധിച്ച അദ്ദേഹത്തെ രക്ഷിക്കാനുള്ള ഏക വഴി കരള്‍മാറ്റ ശസ്ത്രക്രിയയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായുള്ള ചികിത്സാ ചെലവ് അമ്പത് ലക്ഷത്തിലേറെ രൂപയാണ്.

എന്നാല്‍ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതാണ്. പ്രദേശത്തെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ ഈ 53 കാരന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ വേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും സഹായമാണ്.

ചികിത്സാ ചെലവ് കണ്ടെത്താനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എം.പി കെ.മുരളീധരന്‍, എം.എല്‍എ കാനത്തില്‍ ജമീല, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, മുന്‍ എം.എല്‍.എമാരായ കെ.ദാസന്‍, പി.വിശ്വന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും രക്ഷാധികാരികളുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്.

ഇ.എസ്.രാജനാണ് കമ്മിറ്റി ചെയര്‍മാന്‍. ബാലകൃഷ്ണന്‍ പി.കെ (ജനറല്‍ കണ്‍വീനര്‍), വി.കെ.ശിവദാസന്‍ (ട്രഷറര്‍) എന്നിവരാണ് ജനകീയ കമ്മിറ്റിയുടെ ഭാരവാഹികള്‍. സുധീര്‍ദാസിന്റെ ചികിത്സാ നിധിയിലേക്ക് എല്ലാവരും തങ്ങളാല്‍ കഴിയുന്ന തുക നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പണം നല്‍കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

ബാങ്ക്: പഞ്ചാബ് നാഷണല്‍ ബാങ്ക്,

ശാഖ: കൊയിലാണ്ടി

പേര്: സരോജ കെ.എം

അക്കൗണ്ട് നമ്പര്‍: 4343000100103380

ഐ.എഫ്.എസ്.സി: PUNB0434300

സ്വിഫ്റ്റ്: PUNBINBBISB