‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം’; കെ.എസ്.ബിമൽ അനുസ്മരണം നാളെ കോഴിക്കോട്; പ്രൊഫ. കല്യാണി എത്തും


കോഴിക്കോട്: ജനാധിപത്യ വേദിയുടെ സ്ഥാപകനും ആക്ടിവിസ്റ്റും നാടകപ്രവർത്തകനുമായിരുന്ന കെ.എസ്.ബിമലിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നു. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം’ എന്ന് പേരിട്ട പരിപാടി, ജുലൈ 11 തിങ്കളാഴ്ച കോഴിക്കോട് ടൗൺഹാളിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കും.

വൈകീട്ട് നടക്കുന്ന ജനാധിപത്യ സംഗമം തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റ് പ്രൊഫ. കല്യാണി ഉദ്ഘാടനം ചെയ്യും. തീവ്ര മാർക്സിസ്റ്റ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് തമിഴ്നാട്ടിലെ ഇരുള സമുദായം അനുഭവിക്കുന്ന അടിമ ജീവിതത്തെ മനസ്സിലാക്കുകയും അവരിലൊരാളായി അവർക്കിടയിൽ ജീവിച്ച് അവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. ഇരുളർക്ക് ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നതിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വിജയത്തിലെത്തിച്ച ആക്ടിവിസ്റ്റാണ് അദ്ദേഹം.

കേരളമുൾപ്പെടെ തെന്നിന്ത്യയിലാകെ ശ്രദ്ധേയമായ ‘ജയ്ഭീം. സിനിമയുടെ പ്രമേയമായി വന്നത്, പ്രൊഫ. കല്യാണിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തങ്ങളാണ്. ജസ്റ്റിസ് ചന്ദ്രുവിന്റെ സഹപ്രവർത്തകനാണ് കല്യാണി. ഇദ്ദേഹത്തോടൊപ്പം സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സി.എൻ.ചന്ദ്രൻ, ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്, ചരിത്രകാരൻ ഡോ.കെ.എസ്.മാധവൻ, സ്മിത നെരവത്ത് എന്നിവരും പങ്കെടുക്കും.

കാലത്ത് 10.30 ന്ടക്കുന്ന ‘കാർണിവൽ ഓഫ് ഡിഫറൻസ്, ‘ എന്ന പരിപാടിയിൽ സ്ത്രീ- ദളിത്-ലൈംഗിക ന്യൂനപക്ഷ ആക്ടിവിസ്റ്റുകളായ അർച്ചന പത്മിനി, അഡ്വ. ജലജ മാധവൻ, എസ്. മൃദുലാദേവി, ആദി, ദിനു വെയിൽ, അഡ്വ. സുധ ഹരിദ്വാർ (വിംഗ്സ്), അഡ്വ. നജ്മ തബ്‌ഷിറ, സിസിലി ജോർജ് (പുനർജനി), എം.പ്രേമ, സ്മിത നെരവത്ത്, മജ്നി തിരുവങ്ങൂർ എന്നിവരും പങ്കെടുക്കും. വരമുഖിയുടെ നേതൃത്വത്തിൽ ചിത്രകാരികളുടെ കൂട്ടായ്മയും ബിമൽ സ്മാരക ക്യാമ്പസ് കവിതാ പുരസ്കാര സമർപ്പണവും ഇതോടനുബന്ധിച്ച് നടക്കും.

വിവരങ്ങൾക്ക് ബന്ധപ്പെടാം: പി.കെ.പ്രിയേഷ് കുമാർ (ചെയർമാൻ, ജനാധിപത്യവേദി) 9048331235, കെ.പി.ചന്ദ്രൻ (കൺവീനർ, ജനാധിപത്യവേദി) 9447156099.