ജനക്കൂട്ടത്തിന് നടുവില്‍ കെ.കെ ശൈലജയും ഷാഫി പറമ്പിലും; ജനസാഗരമായി തലശ്ശേരി, ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശം


തലശ്ശേരി: നാല്‍പത്‌നാള്‍ നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും റോഡ് ഷോകള്‍ നടത്തി. തലശ്ശേരി ടൗണിലായിരുന്നു ഇത്തവണത്തെ വടകര മണ്ഡലത്തിന്റെ കൊട്ടിക്കലാശം. തിങ്ങി നിറഞ്ഞ ജനസഗാരത്തിന് നടുവിലൂടെ ചുവന്ന വാഹനത്തിലേറിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊട്ടിക്കലാശത്തിന് എത്തിയത്‌

ഇത്തവണത്തെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുമ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വടകരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിച്ചിരിക്കുമെന്ന് കൊട്ടിക്കലാശത്തിനിടെ കെ.കെ ശൈലജ പറഞ്ഞു. ജനകീയ നയങ്ങളൊന്നുമില്ലാത്ത യുഡിഎഫ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ ചില പ്രദേശിക പ്രശ്‌നങ്ങളെല്ലാം കുത്തിപ്പൊക്കി വൈകാരികമായി അവതരിപ്പിച്ചാല്‍ ഈ നാട്ടിലെ ജനങ്ങള്‍ അതിന്റെ പിന്നാലെ പോകുമെന്ന് കരുതി. എന്നാല്‍ അവര്‍ക്ക് തെറ്റി. ഈ നാട്ടിലെ ജനങ്ങള്‍ക്ക് അവരുടെ ജീവിതമാണ് ഏറ്റവും പ്രധാനം, ഈ രാജ്യത്തിന്റെ സമാധാനമാണ് പ്രധാനം. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ ഈ രാജ്യത്തിന്റെ ജനാധിപതത്യം സംരക്ഷിക്കാന്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴങ്ങണമെന്ന് ഈ നാട്ടിലെ ജനം ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്. 20 ഇടത് എംപിമാരെ ജനം ഈ തെരഞ്ഞടുപ്പില്‍ ജയിപ്പിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലായി പാര്‍ലിമെന്റില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ ഇടതുപക്ഷമുണ്ടാകുമെന്നും ടീച്ചര്‍ പറഞ്ഞു.

തുറന്ന ജീപ്പിന് മുകളില്‍ കയറി നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ കൊട്ടിക്കലാശത്തിന് എത്തിയത്. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ കൈവീശി കാണിച്ചും അഭിവാദ്യമര്‍പ്പിച്ചുമാണ് ഷാഫി ജനങ്ങള്‍ക്ക് നടുവിലൂടെ നീങ്ങിയത്‌. വടകര ടൗണില്‍ റസ്റ്റ് ഹൗസ്, ലിങ്ക് റോഡ് എന്നീ ഭാഗങ്ങളിലായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തരുടെ കലാശക്കൊട്ട്. അഞ്ചുവിളക്ക് ജംഗ്ഷന്‍ കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഇന്ന് കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കാന്‍ വടകര ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

മൂന്ന് മണിക്ക് ആരംഭിച്ച കൊട്ടിക്കലാശം ആറ് മണിയോടെ അവസാനിച്ചു. മറ്റന്നാള്‍ ജനം പോളിങ്ങ് ബൂത്തിലേക്ക് പോവുമ്പോള്‍ ജയിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.