ശൈലജ ടീച്ചറോ ഷാഫിയോ ?, ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി, ജനവിധി നാളെ, വോട്ടെണ്ണല്‍ രാവിലെ എട്ടിന്


കോഴിക്കോട്: വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം എജുക്കേഷൻ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണുക.

രാവിലെ 6.30-നാണ്‌ സ്ട്രോങ് റൂമുകൾ തുറക്കുക. ഹോം വോട്ടിങ്, സർവീസ് വോട്ടുകൾ, ഉദ്യോഗസ്ഥരുടെ വോട്ടുകൾ എന്നിവയടക്കം അഞ്ചുവിഭാഗങ്ങളിലെ വോട്ടുകൾ ചേർന്ന തപാൽവോട്ടുകളാണ് ആദ്യം എണ്ണുക. വരണാധികാരികളുടെ നേതൃത്വത്തില്‍ കേന്ദ്രീകൃത രീതിയില്‍ ഓരോ ലോക്സഭ മണ്ഡലത്തിലും 30 വീതം ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഒരു ടേബിളിൽ 500 വോട്ടുകൾ വരെ എണ്ണും. കോഴിക്കോട് മണ്ഡലത്തില്‍ 14,000 ലേറെയും വടകര മണ്ഡലത്തില്‍ 15,000 ലേറെയും തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 29,000ത്തിലേറെ തപാല്‍ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്.

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ശേഷം 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. ഇതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. ഒന്ന് മുതല്‍ 14 വരെ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ ആണ് ആദ്യ റൗണ്ടില്‍ എണ്ണുക. 15 മുതല്‍ 28 വരെ പോളിംഗ് സ്റ്റേഷനുകള്‍ രണ്ടാം റൗണ്ട്, 29 മുതല്‍ 42 വരെ പോളിംഗ് സ്റ്റേഷനുകള്‍ മൂന്നാം റൗണ്ട് എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും.