എം.ഡി.എം. എ.യുമായി യുവാവിനെ പിടികൂടി വയനാട് പോലീസ്, കൂട്ടുപ്രതിയായ വേളം പൂളക്കൂല്‍ സ്വദേശിയെ മണിക്കൂറുകള്‍ക്കകം പേരാമ്പ്രയില്‍ നിന്ന് പിടികൂടിയത് നാടകീയരംഗങ്ങളോടെ


പേരാമ്പ്ര: എം.ഡി.എം.യുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ കൂട്ടുപ്രതിയായ വേളം പൂളക്കൂല്‍, പള്ളിയത്ത് സ്വദേശിയും അറസ്റ്റില്‍. പൂളക്കൂല്‍, പള്ളിയത്ത്, നൊച്ചാട്ട് വീട്ടില്‍ എന്‍.എ ഉബൈദ്(29)നെയാണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് കേസിന് ആസ്പദമായം സംഭവം. രാവിലെ തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍, കാടാച്ചിറ, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറി(24)ല്‍ നിന്ന് പോലീസ് എം.ഡി.എം.എ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് പൂളക്കൂല്‍ സ്വദേശിയായ ഉബൈദിന് നല്‍കാനായി കൊണ്ടുപോയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉബൈദിനെയും പിടികൂടുകയായിരുന്നു.

113.57 ഗ്രാം എം.ഡി.എംയുമായാണ് സുഹൈറിനെ പോലീസ് പിടികൂടുന്നത്. തുടര്‍ന്ന് കൂട്ടുപ്രതിയെ പിടികൂടാനായ് സുഹൈറിന്റെ ഫോണ്‍ പരിശോധിക്കുകയും സുഹൈറിനെ ഒപ്പം കൂട്ടിയുമുള്ള പൊലീസിന്റെ കൃത്യമായ ആസൂത്രണത്തിലാണ് ഉബൈദിനെ വലയിലാക്കുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് ഉബൈദിനെ പേരാമ്പ്രയില്‍ നിന്നാണ് പിടികൂടിയത്. പൊലീസിന്റെ കെണിയില്‍ അകപ്പെട്ടെന്ന് മനസിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.