ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; പ്രക്രിയ ഇങ്ങനെ, വിശദമായി നോക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചു. നെഞ്ചിടിപ്പോടെ കേരളം കാത്ത് നില്‍ക്കുന്ന വിധി മണിക്കൂറുകള്‍ക്കകം പുറത്തുവരും. വോട്ടെണ്ണല്‍ സംബന്ധിച്ച് പലര്‍ക്കും ധാരണകള്‍ കുറവായിരിക്കും. അല്ലെങ്കില്‍ എങ്ങനെയന്നത് കൃത്യതയുണ്ടാവില്ല. ഇവയെക്കുറിച്ച് നോക്കാം വിശദമായി.
20 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. തുടര്‍ന്ന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക.
വോട്ടെണ്ണല്‍ പ്രക്രിയ ഇങ്ങനെ..
സ്ട്രോങ് റൂമുകള്‍ വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക.
ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക. ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍ പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.
ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തു മാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും.
എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തെരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.
വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ക്യാമ്പസിലെ 14 ഹാളുകളില്‍ ആയാണ് കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്‌സഭ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ്.
വടകര ലോക്‌സഭ മണ്ഡലത്തിലെ കൗണ്ടിംങ് ഹാളുകള്‍
1 പേരാമ്പ്ര-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
2 കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്‌സിങ് കോളേജ് സെമിനാര്‍ ഹാള്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
3 നാദാപുരം-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
4 കുറ്റ്യാടി-അസ്ലം ഹാള്‍, ജെഡിടി ഇസ്ലാം ഐടിഐ (സെക്കന്‍ഡ് ഫ്‌ലോര്‍)
5 വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അണ്‍എയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്‌ലോര്‍)
6 കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് (മൂന്നാം നില)
7 തലശ്ശേരി-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ കൗണ്ടിംങ് ഹാളുകള്‍
1 ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേര്‍ഡ് ഫ്‌ലോര്‍)
2 എലത്തൂര്‍-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
3 കോഴിക്കോട് നോര്‍ത്ത്- ഹസ്സന്‍ ഹാജി മെമ്മോറിയല്‍ പോളിടെക്‌നിക് (ഗ്രൗണ്ട് ഫ്‌ലോര്‍)
4 കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
5 ബേപ്പൂര്‍-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
6 കുന്നമംഗലം-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
7 കൊടുവള്ളി-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍).
സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
1. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍
2. തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം
3. ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം
4. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്-മാവേലിക്കര മണ്ഡലം
5. ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം
6. ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം
7. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം
8. കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം
9. ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം
10. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്-തൃശൂര്‍ മണ്ഡലം
11. പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍
12. തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം
13. ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം
14. വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍
15. മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം
16. കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം
17. ചുങ്കത്തറ മാര്‍ത്തോമ കോളേജ് -വയനാട് മണ്ഡലം
18. ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം
19. ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം
20. പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം.