പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വം; അധ്യാപകനായ കൊയിലാണ്ടി വെങ്ങളത്ത് കണ്ടി വി.കെ.ഷാജിയ്ക്ക് വിട


കൊയിലാണ്ടി: പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയായിരുന്നു ഇന്ന് അന്തരിച്ച കൊയിലാണ്ടി സ്വദേശിയായ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി. തിരുവനന്തപുരം മോഡല്‍ ഗവ. എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു ഷാജി. തന്റെ ഇടപെടലുകളിലൂടെ മതിയായ എണ്ണം കുട്ടികളില്ലാതിരുന്ന വിദ്യാലയത്തെ രക്ഷിച്ചെടുത്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. ഗ്രീന്‍ ആര്‍മി, മലയാളം പള്ളിക്കൂടം തുടങ്ങി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ അധ്യാപകനാണ് ഷാജി.

തിരുവനന്തപുരത്ത് അധ്യാപക ജോലിയില്‍ പ്രവേശിച്ചശേഷം ജില്ലയിലെ കെ.എസ്.ടി.എയുടെ അമരക്കാരില്‍ ഒരാളായിരുന്നു ഷാജി. ആത്മാര്‍ത്ഥതയാണ് മുഖമുദ്ര. മൂന്നുവര്‍ഷം മുമ്പ് കെ.എസ്.ടി.എയില്‍ നിന്നും കൊഴിഞ്ഞുപോയെങ്കിലും പിന്നീട് എ.കെ.എസ്.ടി.യുവിന്റെ ജില്ലാ നേതാവായി പ്രവര്‍ത്തന രംഗത്ത് തുടര്‍ന്നു.

രോഗബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷാജി മരണപ്പെടുന്നത്. സഹോദരങ്ങള്‍: രാജീവന്‍ (വി ഫോര്‍ യു കാലിക്കറ്റ്), രജീഷ് വെങ്ങളത്തുകണ്ടി (കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍, കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ്). സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഉള്ള്യേരി ശ്മശാനത്തില്‍ നടക്കും.