വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ; ഒൻപത് മണിക്കുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും


കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണുന്നത്. 30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ റൗണ്ട് എണ്ണിത്തീരുന്നതോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 8.30 ഓടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും.

വടകര മണ്ഡലത്തില്‍ 14,405 ഉം തപാല്‍ വോട്ടുകളാണ് ഇത്തവണയുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 85 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ ഹോം വോട്ടിംഗ് തപാല്‍ വോട്ട് അഥവാ ആബ്‌സന്റീ വോട്ടിന്റെ പരിധിയിലാണ് വരുന്നത്. അതോടൊപ്പം പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, എക്‌സൈസ്, ആരോഗ്യം, വനം തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍, ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ അവശ്യ സര്‍വീസ് വിഭാഗക്കാരെയും തെരഞ്ഞെടുപ്പ്, അനുബന്ധ ഡ്യൂട്ടികളുള്ള ഉദ്യോഗസ്ഥരെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതലാണ്.

വടകര മണ്ഡലത്തില്‍ 85 വയസ്സ് കഴിഞ്ഞ 5809 ഉം ഭിന്നശേഷിക്കാരായ 2620 ഉം പേരാണ് ഹോം വോട്ടിംഗ് സൗകര്യം ഉപയോഗപ്പെടുത്തി വീട്ടില്‍ നിന്ന് വോട്ട് ചെയ്തത് (ആകെ 8429). അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ട 1630 പേരും തപാല്‍ വോട്ട് ചെയ്തു. വടകര മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടിയിലുള്ള 732 പേര്‍ ജില്ലയില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തിയാണ് തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന വടകര മണ്ഡലത്തിലെ 2144 വോട്ടര്‍മാരും തപാല്‍ വോട്ട് ചെയ്തു. വടകര മണ്ഡലത്തില്‍ നിന്നുള്ള 2909 സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് ഇടിപിബിഎസ് വഴി പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചത്. ഇവയില്‍ 1470 എണ്ണമാണ് ഇതുവരെ തിരികെയെത്തിയത്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തപാൽവോട്ടുകളുടെ എണ്ണത്തിൽ ഇത്തവണ വർദ്ധനവുള്ളതിനാൽ പൂർണ്ണമായ ഫലം വരാൻ സമയമെടുക്കും. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യമണിക്കൂറിൽതന്നെ ഫലസൂചനകൾ വരുമെങ്കിലും തപാൽവോട്ട് ആർക്കൊപ്പമെന്നതും പ്രവചനാതീതമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജയും, ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്ട് മിന്നും വിജയം നേടിയ ഷാഫി പറമ്പിലുമാണ് വടകരയിൽ പ്രധാന സ്ഥാനാർത്ഥികൾ. എൻഡിഎ സ്ഥാനാർത്ഥിയായി പ്രഫുൾകൃഷ്ണയുമുണ്ട്. അപരന്മാരും പിന്നിലല്ല.