വടകരയിൽ ആര് വാഴും? ആര് വീഴും ? ജനങ്ങൾ ആർക്കൊപ്പമെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം..


വടകര: കോഴിക്കോട് ജില്ലയുടെ വടക്കുനിന്ന് തുടങ്ങി കണ്ണൂരിലേക്ക് നീണ്ടു കിടക്കുന്ന ലോക്‌സഭാ മണ്ഡലമായ വടകരയില്‍ രണ്ട് എംഎല്‍എമാര്‍ തമ്മിലാണ് പോരാട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജയും, ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്ട് മിന്നും വിജയം നേടിയ ഷാഫി പറമ്പിലും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് വടകരയിൽ ഇരുവരും കാഴ്ചവെച്ചത്.

ശൈലജയുടെ ജനസമ്മിതിയില്‍ മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ഇറങ്ങിയപ്പോള്‍ ജനസമ്മിതിയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഷാഫി പറമ്പിലിനെ നിര്‍ത്തി യുഡിഎഫ് പ്രതിരോധം തീര്‍ത്തതോടെയാണ് വടകരയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറി മറഞ്ഞത്. മോദി ഗ്യാരണ്ടിയിലൂടെ മണ്ഡലത്തില്‍ വിജയം നേടാന്‍ എന്‍ഡിഎയും കളത്തിലുണ്ട്. പോരാട്ടത്തിന്റെ കനല്‍ക്കാറ്റ് വീശുന്ന വടകരയില്‍ ആര് വാഴും ആര് വീഴും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം മതി.

വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ ഏഴ് ഹാളുകളിൽ ആയാണ് വടകര ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുക. എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ശേഷം 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. ഇതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.