‘കെ.കെ.ശൈലജ ടീച്ചറെ അപമാനിച്ച ശബ്ദസന്ദേശം ലീ​ഗ് നേതാവ് അസ്​ലമിൻറേത്’; കേസെടുത്ത് പൊലീസ്


വടകര: വടകരയിലെ ഇടതുമുന്നണി സ്ഥാനാർഥി കെ.കെ.ശൈലജക്ക് എതിരായ വ്യാജപ്രചാരണത്തിൽ കേസെടുത്ത് പൊലീസ്.മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തിരിക്കുന്നത്.

ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിപാടിക്കിടെ കെ.കെ ശൈലജ പറഞ്ഞ വാക്കുകള്‍ എഡിറ്റ് ചെയ്ത് മുസ്ലീംകള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് ഇയാള്‍ ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെയാണ്‌ പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി.

മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലാണ് വ്യാജ പ്രചാരണം നടത്തിയത്. ശബ്ദസന്ദേശം അസ്‌ലമിന്റേത് ആണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങൾ സൈബർ പൊലീസിന് കൈമാറി.

അസ്‌ലമിന്റെ മൊബെെൽ നമ്പറാണ് പോലീസിന് ആദ്യം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത് അസ്‌ലമിന്റേതാണ് എന്ന് ബോധ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇപ്പോൾ സെെബർ പോലീസിന് കെെമാറി.

തൻറെ ചിത്രങ്ങൾ മോർഫ് ചെയ്യുന്നുവെന്നും ദുരാരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കെ.കെ ശൈലജ പരാതി നൽകിയിരുന്നു. താൻ ഇതുവരെ നേരിട്ടിട്ടില്ലാത്ത സെെബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നതെന്നായിരുന്നു ശെെലജ ടീച്ചർ ഉന്നയിച്ചത്.