ബെെക്കിൽ സഞ്ചരിക്കവെ കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചു; കക്കയത്ത് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കക്കയം: കക്കയത്ത് ബെെക്ക് യാത്രികനെ കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതെയി പരാതി. കർഷക തൊഴിലാളിയായ വേമ്പുവിള ജോണിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ബെെക്കിൽ നിന്ന് തക്കസമയത്ത് ചാടി മാറിയതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിന് സമീപത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

കഴിഞ്ഞ മാർച്ച് അഞ്ചിന് കർഷകനായ പാലാട്ടിൽ അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജോണിനെ ആക്രമിക്കാൻ ശ്രമിച്ചതും ഇതേ കാട്ടുപോത്ത് തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം. കൂടാതെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ കാട്ടുപോത്തുകളുടെ മുൻപിൽ പെട്ട സംഭവവുമുണ്ടായി.

അക്രമകാരിയായ ഈ കാട്ടുപോത്തിനെ വെടിവെക്കാൻ വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അക്രമകാരിയായ കാട്ടുപോത്തിനെ ഉടൻ കണ്ടെത്തി വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.