നവമാധ്യമങ്ങളിലൂടെ യു.ഡി.എഫ് വ്യക്തിഹത്യചെയ്യുന്നു, അപവാദ പ്രചരണങ്ങൾക്കും വ്യജ വാർത്തകൾക്കുമെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകും: കെ കെ ശൈലജ ടീച്ചർ


വടകര: യു ഡി എഫ് നവമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് വ്യക്തിഹത്യയും അപവാദ പ്രചരണവുമാണ് എന്ന് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. എൽ.ഡി.എഫ് മുന്നേറ്റത്തിൽ വിറളി പൂണ്ടവരാണ് സ്ഥാനാർത്ഥിയായ എന്നെ ഇപ്പോൾ തേജോവധം ചെയ്യുന്നത്. യാതൊരുവിധ രാഷ്ട്രീയ ധർമ്മികതയുമില്ലാത്ത യു ഡി എഫിലെ ഒരു കൂട്ടം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെവിളിച്ച പത്ര സമ്മേളനത്തിലായിരുന്നു ശെെലജ ടീച്ചറുടെ പ്രതികരണം

എന്റെ വടകര കെഎൽ 18 എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിരന്തരമായി വ്യാജ വീഡിയോകൾ, വൃത്തികെട്ട പോസ്റ്ററുകൾ എന്നിവ വരികയാണ്. തന്റെ ചിത്രം മോർഫ് ചെയ്ത് ചേർത്ത് അവ കുടുംബ ​ഗ്രൂപ്പുകളിലുൾപ്പെടെ പ്രചരിപ്പിക്കുകയാണ്. റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖം എഡിറ്റ്‌ ചെയ്ത് പ്രചരിപ്പിച്ചു.

പാനൂരിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടി കൃത്യമായി നിലപാട് പറഞ്ഞതാണ്.എന്നാൽ അതിലും എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട് എന്നെയും അതിലെ പ്രതിയായ അമൽ കൃഷ്ണയുടെ കൂടെ താൻ നിൽക്കുന്ന തരത്തിൽ ഒരു ഫോട്ടോ തയ്യാറാക്കി പേജുകളിൽ പോസ്റ്റ് ചെയ്തു. കേസിലെ പ്രതിയാണെന്ന് പറഞ്ഞു കൊണ്ട് നൗഫൽ കൊട്ടിയം എന്ന വ്യക്തിയും ഞാനും നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചു. ഇതിനെതിരെ നൗഫൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ പോസ്റ്ററുകൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഒരു സംഘം തന്നെ പ്രവർത്തിക്കുകയാണ്.

കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പേരിൽ ലെറ്റർ പാഡ് വ്യാജമായി ഉണ്ടാക്കി വ്യാജ വാർത്തകൾ എഡിറ്റ്‌ ചെയ്തു പ്രചരിപ്പിച്ചു. ആത്മീയ നേതാക്കൾ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് വരുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിന് പിന്നിൽ യു.ഡി.എഫിലെ സൈബർ ഗ്രൂപ്പാണ്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെയും ലെറ്റർ പാട് വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ചതിനെതിരെയും മർക്കസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പറയാത്ത കാര്യങ്ങൾ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് വാട്സാപ്പ് ഗ്രൂപ്പുകളിൽ.

ഇത്തരത്തിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളും വ്യാജ വാർത്തകളും നൽകി മോശപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്.ഈ നാട്ടിലെ മുഴുവൻ ആളുകൾക്കും എന്നെ അറിയാം. നിങ്ങൾക്ക് രാഷ്ട്രീയമായ വിഷയത്തിൽ വിയോജിപ്പുകൾ പറയാം. ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണ്? വ്യാജ പ്രചരണം നടത്തിയത് കൊണ്ട് എന്തെങ്കിലും നേടാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വിലപ്പോവില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു. വടകര പാർലമെന്റ് മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ് വിജയിക്കും, ജനങ്ങൾ കൂടൂതൽ അനുകൂലമായാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ശെെലജ ടീച്ചർ പറഞ്ഞു.

നവമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയും വ്യക്തിഹത്യയ്ക്ക് എതിരെയും എൽ ഡി എഫ് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ചു നടന്ന പത്രസമ്മേളനത്തിൽ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞികണ്ണൻ, വടകര മുൻസിപ്പൽ ചെയർപേർസൺ കെ പി ബിന്ദു എന്നിവർ പങ്കെടുത്തു.