പനി വന്നത് രണ്ട് ദിവസംമുമ്പ്, ചികിത്സ തേടിയെങ്കിലും ഭേദമായില്ല, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പിഞ്ചോമന മുഹമ്മദ് സഫ്റാന്റെ മരണത്തിന്റെ ഞെട്ടലിൽ ലാസ്റ്റ് കല്ലോട് ഗ്രാമം


പേരാമ്പ്ര: പനി സാധാരണ വരാറുള്ളതാണ്, മരുന്നൊക്കെ കഴിച്ചാൽ അത് മാറാറുമുണ്ട്. അതുപോലെയെ ഇപ്പഴും കരുതിയുള്ളൂ. പിഞ്ചോമനയ്ക്ക് പനി വന്നപ്പോഴും പേരാമ്പ്ര ലാസ്റ്റ് കല്ലോട് മാരിയാത്ത് അബ്ദുള്‍ ഷുക്കൂറും ഭാര്യ റമീസയുടെ മനസിലും പനി പെട്ടന്നങ്ങുമാറി കുഞ്ഞ് സുഖം പ്രാപിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ എന്നന്നേക്കുമായി മകനെ പനി തട്ടിയെടുക്കുമെന്ന് അവർ അറിഞ്ഞില്ല. ഇന്നലെയാണ് മൂന്ന് വയസുകാരൻ മുഹമ്മദ് സഫ്‌റാൻ പനി ബാധിച്ച് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സഫ്‌റാന് പനി ബാധിച്ചത്. തുടർന്ന് ഞായറാഴ്ച കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. രോ​ഗം ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഡോക്ടർ വിദ​ഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തുംമുമ്പ് മുഹമ്മദ് സഫ്റാൻ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ എത്തുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മൂന്ന് വയസ്സുമാത്രം പ്രായമുള്ള മുഹമ്മദ് സഫ്‌റാന്റെ ‌വി​യോ​ഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. രണ്ട് ദിവസം മുമ്പ് വന്ന പനിയാണ് സഫാന്റെ ജീവൻ കവർന്നത്. ഒന്നര വയസുകാരൻ മുഹമ്മദ് ദ്യാൻ സഹോദരനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Summary: Last Kallode Village in shock over the death Of three year old boy Muhammed Safran