‘മർദ്ദിച്ച് അവശനാക്കിയ ശേഷം തല വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചു’; ബാലുശ്ശേരിയിലെ ജിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ


ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി കസ്റ്റഡിൽ. പാലോളിയിലെ മൂടോട്ട് കണ്ടി സഫീർ (31) ആണ് കസ്റ്റഡിയിലുള്ളത്. പ്രതിയെ വെെകുന്നേരം ജില്ലാ കോടതിയിൽ ഹാജരാക്കുമെന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സി.ഐ സുരേഷ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണുവാണ് കഴിഞ്ഞ മാസം
ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ഓരുകൂട്ടം ആളുകൾ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത് ഇപ്പോൾ പിടിയിലായ സഫീറാണ്.

സംഭവത്തിൽ ഇതുവരെ പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരുൾപ്പെടെ ഒമ്പത് പേർ റിമാൻഡിൽ കഴിയുകയാണ്.

Summary: Main accused arrested in Balussery Attack On Jishnu